കഴക്കൂട്ടത്തു നിന്നു കാണാതായ തസ്മിദ് അസമിലേക്ക്?; വിവേക് എക്സ്പ്രസിൽ വീണ്ടും പരിശോധന

കഴക്കൂട്ടത്തു നിന്നു കാണാതായ തസ്മിദ് അസമിലേക്ക്?; വിവേക് എക്സ്പ്രസിൽ വീണ്ടും പരിശോധന

 

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്ത് അസമിലേക്ക് എത്താൻ സാധ്യതയെന്ന സൂചന. ഐലൻഡ് എക്സ്പ്രസിൽ കന്യാകുമാരിയിൽ എത്തിയ കുട്ടി അസമിലേക്കുള്ള വിവേക് എക്സ്പ്രസിൽ കയറിയെന്നാണ് സംശയം. ഇതിനെ തുടർന്ന് വിവേക് എക്സ്പ്രസിൽ വീണ്ടും പരിശോധന ശക്തമാക്കി. ആർ.പി.എഫ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട വിവേക് എക്സ്പ്രസ് വിജയവാഡ സ്റ്റേഷനിലേക്കെത്താൻ അല്പസമയം മാത്രമാണ് ബാക്കിയുള്ളത്.

 

Also Read :തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ

 

കുട്ടിയെ കാണാതായതിൽ വീണ്ടും കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. തസ്മിദ് നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങുകയും, പ്ലാറ്റ് ഫോമിലുള്ള പൈപ്പിൽ നിന്ന് വെള്ളം പിടിച്ചതിനു ശേഷം ട്രയിനിലേക്ക് തിരികെ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിനിന്റെ മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുന്ന കുട്ടി രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയാണ് വെള്ളം ശേഖരിച്ചത്. എന്നാൽ ഇതിനിടയിലാണ് തസ്മിദ് അസമിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

കുട്ടിയെ കന്യാകുമാരിയിൽ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ അറിയിച്ചിതിനെ തുടർന്നാണ് നേരത്തേ പരിശോധന നടത്തിയത്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ല. കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ​ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *