ദൂരപരിധി നിബന്ധനയില്ലാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകി
കൊല്ലം: ദൂരപരിധി നിബന്ധനയില്ലാതെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ റൂട്ടികളിലാണ് പെർമിറ്റുകളാണ് പുതുക്കി നൽകിയത്. ദീർഘദൂര റൂട്ടുകളിൽ സർവിസ് നടത്തിയിരുന്ന 241 സ്വകാര്യ ബസുകൾക്ക് പെർമിറ്റ് വൈകാതെ പുതുക്കുമെന്നാണ് സൂചന. സ്വകാര്യ ബസുകൾക്ക്, 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ സർവിസ് നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണം ഹൈകോടതി നേരത്തേ റദ്ദാക്കിയിരുന്നു.
വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ്, ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനുള്ള സർക്കാരിന്റെ ‘മോട്ടോർ വെഹിക്കിൾ സ്‌കീം’ നിയമവിരുദ്ധമാണെന്ന് ഹൈകോടതിയുടെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു. ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് വിധി വന്നതിനു പിന്നാലെ, സർക്കാർ ഈ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീംകോടതിയിലും അപ്പീൽ നൽകിയിരുന്നു. വിധി നടപ്പാക്കാത്തതിനെത്തുടർന്ന് മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആർ.ടി.ഒ.മാർക്കെതിരേ ഹൈകോടതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.
ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസുകൾ ജില്ലയിൽ പൂർത്തിയായതായും സർവിസ് നടത്താൻ സ്വകാര്യ ബസുടമയോ കെ.എസ്.ആർ.ടി.സിയോ തയാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ല വികസന സമിതി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചിരുന്നു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ജനകീയ സദസുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി. റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്ടോബർ 31നകം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15നകം ട്രാൻസ്പോർട്ട് കമീഷണർക്ക് സമർപ്പിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
