അമരമ്പലത്ത് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം; പോര് തെരുവിലേക്ക്

പൂക്കോട്ടുംപാടം: അമരമ്പലത്ത് കോൺഗ്രസിലെ വിഭാഗീയത പരസ്യപോരിലേക്ക് നീങ്ങുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കവും സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ് കളിയുമാണ് പാർട്ടിയെയും യു.ഡി.എഫ് സംവിധാനത്തെയും പ്രതിസന്ധിയിലാക്കിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്താണ് പ്രശ്നങ്ങളുടെ തുടക്കം. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാൻ മണ്ഡലം പ്രസിഡന്റായിരുന്ന കേമ്പിൽ രവി മാറിയപ്പോൾ താൽക്കാലിക ചുമതല ഇ.കെ. ഹംസയെ ഏൽപ്പിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം ചുമതല തിരികെ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഗ്രൂപ്പ് വൈരമായി മാറുകയായിരുന്നു. നിലവിൽ കേമ്പിൽ രവിക്ക് തന്നെ ചുമതല നൽകിയെങ്കിലും പാർട്ടിയിലെ ഒരുവിഭാഗം ഇതിൽ കടുത്ത അതൃപ്തിയിലാണ്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരെ നിശ്ചയിക്കുന്നതിൽ മുസ്ലിം ലീഗിനെ അവഗണിച്ചെന്ന പരാതി നിലനിൽക്കുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് താൽപര്യങ്ങൾ മുൻനിർത്തി ഏകപക്ഷീയമായി തീരുമാനമെടുത്തതോടെ യു.ഡി.എഫ് സംവിധാനം താറുമാറായി.
കോൺഗ്രസ് ഗ്രൂപ്പ് പോര് മുതലെടുത്ത് ലീഗ് സ്ഥാനാർഥിയെ സി.പി.എം സ്വതന്ത്രൻ പിന്തുണച്ചതോടെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷപദം ലീഗിന് ലഭിച്ചു. ഇത് യു.ഡി.എഫിൽ പരസ്യമായ പോർവിളികൾക്ക് കാരണമായിരിക്കുകയാണ്. യു.ഡി.എഫ് യോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്യാതെ കോൺഗ്രസ് ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുകയും മുൻ ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യനെ ആസൂത്രണ സമിതി ഉപാധ്യക്ഷനായി മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുനനു. എന്നാൽ, പഞ്ചായത്ത് ബോർഡിൽ എത്തിയപ്പോൾ ഇത് അട്ടിമറിക്കപ്പെട്ടതായി ഒരുവിഭാഗം ആരോപിക്കുന്നു. ബാലസുബ്രഹ്മണ്യനെ മാറ്റി മറ്റൊരു വ്യക്തിയെ തെരഞ്ഞെടുത്തത് പാർട്ടിയിൽ ചേരിതിരിവ് വർധിപ്പിച്ചു. കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലെ തർക്കങ്ങളാണ് അമരമ്പലത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് സൂചന.
ജില്ല നേതൃത്വം കൃത്യസമയത്ത് ഇടപെടാത്തതാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന് പ്രവർത്തകർക്കിടയിൽ ആക്ഷേപമുണ്ട്. എന്നാൽ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഇടപെട്ട് രണ്ടുതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. കൂടാതെ, കൂടിയാലോചനകൾ നടത്താതെ ആസൂത്രണ സമിതിയിൽ അംഗങ്ങളെ ചേർത്തതിലും പാർട്ടിക്കുള്ളിലും യു.ഡി.എഫിലും അസംതൃപ്തി പുകയുന്നുണ്ട്. അമരമ്പലത്തെ വിഭാഗീയത തുടരുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് സാധാരണ പ്രവർത്തകർ.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും -കേമ്പിൽ രവി
പൂക്കോട്ടുംപാടം: ആസൂത്രണ സമിതി ഉപാധ്യക്ഷനായി വി.പി. കരീമിനെയാണ് പാർട്ടി തീരുമാനിച്ചതെന്നും എം.എൽ.എ, മണ്ഡലം പ്രസിഡന്റ്, കെ.പി.സി.സി അംഗം എൻ.എ. കരീം എന്നിവരടങ്ങിയ പ്രസീഡിയമാണ് തീരുമാനം കൈക്കൊണ്ടതെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കേമ്പിൽ രവി ‘മാധ്യമ’ത്തോട് പറഞ്ഞു. യു.ഡി.എഫിലെയും പാർട്ടിയിലെയും പ്രശ്നങ്ങളിൽ തീരുമാനമായിട്ടുണ്ട്. എം.എൽ.എ തിരുവനന്തപുരത്തുനിന്ന് തിരിച്ചെത്തിയാൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും -അദ്ദേഹം വിശദീകരിച്ചു.
