പനി വരുമ്പോഴേക്കും പാരസെറ്റാമോൾ കഴിക്കാറുണ്ടോ? സ്വയം ചികിത്സയില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

paracetamol

ജലദോഷം, തൊണ്ടവേദന,പനി തുടങ്ങിയ നേരിയ ലക്ഷണങ്ങൾ വരുമ്പോഴേക്കും പലരും സ്വയം ചികിത്സ തുടങ്ങിയിട്ടുണ്ടാകും.ഡോക്ടറെ സമീപിക്കാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി മരുന്ന് വാങ്ങി സ്വയം ചികിത്സയും തുടങ്ങിയിട്ടുണ്ടാകും.എന്നാൽ ഇത്തരത്തിലുള്ള സ്വയം ചികിത്സ അപ്രതീക്ഷിത പാർശ്വഫലങ്ങൾക്കും ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.paracetamol

പനി,ശരീരവേദന,തലവേദന തുടങ്ങിയവക്ക് പാരസെറ്റമോൾ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നാണ് പറയാറ്. ഏറ്റവും സുരക്ഷിതമായ മരുന്നുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ പാരസെറ്റമോൾ പോലും അമിത അളവിൽ കഴിച്ചാൽ അപകടകരമാണെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് ശർമ്മ പറയുന്നു.

അമിതമായി പാരസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുകയും കരൾ തകരാറിലാക്കാനും ഇടയാക്കുമെന്നും ഡോ.ശർമ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു. കൂടിയ അളവില്‍ പാരസെറ്റമോൾ കഴിക്കുന്നത് കരളിലെ കോശങ്ങളെ തകറാറിലാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പാരസെറ്റാമോള്‍ ശരിയായ അളവില്‍ കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങളുണ്ടാകില്ലെന്നും എന്നാല്‍ അത് പോലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മരുന്ന് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്ന് ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. എറിക് വില്യംസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഡോക്ടർമാർ ഒരാൾക്ക് ചികിത്സ നിർദേശിക്കുന്നത്.

ഡെങ്കി, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ തുടങ്ങി നൂറുക്കണക്കിന് കാരണങ്ങൾ ഓരോ പനിക്കുമുണ്ടാകും. ചിലർക്ക് ദീർഘദൂരം യാത്ര ചെയ്താൽ ക്ഷീണം മൂലം പനിയുണ്ടാകും. ദീര്‍ഘകാലം ഇത്തരത്തില്‍ സ്വയം മരുന്ന് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

ആൻറിബയോട്ടിക്കുകൾ ഒരിക്കലും കുറിപ്പടി ഇല്ലാതെ കഴിക്കരുത്. കൂടാതെ അസുഖം മാറിയെന്ന് വിചാരിച്ച് പകുതിയിൽ മരുന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. ഡോക്ടർ നിർദേശിച്ച കാലയളവ് മുഴുവൻ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കിൽ ഇത് ആന്റിബയോട്ടിക്കുകളുടെ യാഥാർഥ ഗുണത്തെ ഇല്ലാതാക്കും.

ഇന്ത്യയിൽ പോലും ഫാർമസിസ്റ്റുകൾ പലപ്പോഴും സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ബിഎംജെ പ്രൈമറി കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഒരു മരുന്നിൽ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇത് മനസിലാക്കാതെയാണ് പലരും മരുന്ന് വാങ്ങിക്കഴിക്കുന്നതെന്നും ഗവേഷകർ പറയുന്നു. മരുന്നിന് പുറമെ ഫുഡ് സപ്ലിമെന്റുകളിലും ടോണിക്കുകളിലും അടങ്ങിയിരിക്കുന്നവയെക്കുറിച്ച് അറിയാതെ കഴിക്കുന്നത് അതിന്റെ യഥാർഥ ഗുണത്തെ ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *