ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങി; സർക്കാർ മെഡിക്കൽ കോളജുകളിൽ രോഗികളുടെ നീണ്ടനിര
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടർന്നിട്ടും സർക്കാർ മുഖം തിരിച്ചതോടെയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിന് വഴിവെച്ചത്. എന്നാൽ, സമരം തുടരുമ്പോഴും അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങൾ മുടക്കില്ല.
അതേസമയം, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഒ.പികളിൽ രോഗികളുടെ നീണ്ടനിര കാണാം. രാവിലെ എട്ട് മുതൽ ഒ.പി ടിക്കറ്റുകൾ അധികൃതർ നൽകുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജുകളിൽ മാത്രം 250 ഡോക്ടർമാരാണ് സമരത്തിലുള്ളത്.
നിലവിലെ മറ്റു പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്നതിനൊപ്പം ഇന്ന് മുതൽ അനിശ്ചിതകാല അക്കാദമിക് ബഹിഷ്കരണവും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മറ്റു മെഡിക്കൽ കോളജുകളിൽ ചട്ടപ്പടി സമരവും മെഡിക്കൽ ബോർഡ് ബഹിഷ്കരണവും തിരുവനന്തപുരത്ത് റിലേ നിരാഹാരവും തുടരുകയാണ്.
രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ പ്രകടനം നടക്കും. വ്യാഴാഴ്ച ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 25 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ഡോക്ടർമാർ ബഹിഷ്കരിക്കും.
