‘ഇനിയും കൈവിട്ടുപോകാൻ അനുവദിച്ചുകൂടാ, പ്രശ്‌നപരിഹാരം ഉടൻ’: സമസ്ത-ലീഗ് അഭിപ്രായ ഭിന്നതയിൽ സാദിഖലി തങ്ങൾ

Sadikhali Thangal

കോഴിക്കോട്: സമസ്തക്കകത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ സമസ്ത – ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ പൊതുധാരണയായി. മാർച്ച് ഒന്നിന് വിശദ യോഗം ചേരുമെന്നും അന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.Sadikhali Thangal

” ഇന്നത്തെ കൂടിക്കാഴ്ച വളരെ പോസിറ്റീവാണ്. ഇനിയും കൈവിട്ട് പോകാൻ അനുവദിച്ചുകൂടാ എന്നുള്ള മനസാണ് എല്ലാവർക്കുമുള്ളത്. പ്രത്യേകിച്ച് സമസ്ത നേതൃത്വത്തിന് വലിയ മനസ് തന്നെയുണ്ട്. ഇനിയും മിണ്ടാതിരുന്നാൽ പ്രശ്‌നങ്ങൾ രൂക്ഷമാകും എന്നുള്ളത് കൊണ്ട് സത്വരമായൊരു പരിഹാരം ഉടൻ ഉണ്ടാകണം. അതിന് മാർച്ച് ഒന്നാം തിയതി എല്ലാവരെയും ഉൾകൊള്ളിച്ച് കൊണ്ട് മറ്റൊരു മീറ്റിങ് കൂടി വിളിച്ചിട്ടുണ്ട്. അന്തിമ തീരുമാനം അന്നുണ്ടാകും, അതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നുള്ളതാണ് പ്രതീക്ഷ”- ഇങ്ങനെയായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകള്‍.

സമസ്തയിലെ ലീഗ് അനുകൂല -വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാര കൂടിക്കാഴ്ച. വിവാദങ്ങൾ ലീഗ്- സമസ്ത ബന്ധത്തിലും വിള്ളൽ വീഴ്ത്തിയിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ ഇന്ന് ചേർന്ന യോഗത്തിൽ ധാരണയായി.

സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻ്റ് ചെയ്തതും വിശദ ചർച്ചയായി. ഇന്ന് രാവിലെ(വ്യാഴാഴ്ച) കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *