‘കൂടെ ആരുമില്ലെന്ന് പറയരുത്, എല്ലാവരുമുണ്ട്, ഞാന്‍ കൂടെയുണ്ട്’; നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല

Bala

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് നടന്‍മാര്‍ക്കും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നേരെ ഉയരുന്നത്. നിവിന്‍ പോളിക്ക് നേരെ ഉയര്‍ന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടൻ നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.Bala

ഇപ്പോള്‍ നിവിന്‍ പോളിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണെന്നും നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാനെന്നും ബാല ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ബാലയുടെ വാക്കുകള്‍

നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്‍റെ ഭാഗം വിശദീകരിക്കുകയും പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്.

അങ്ങനെയാണ് വേണ്ടത്. അല്ലെങ്കിൽ എല്ലാവർക്കും എന്തും ചെയ്യാം. ആണായാലും ശരി, പെണ്ണായാലും ശരി. നിവിൻ പോളി പറഞ്ഞ ഏറ്റവും നല്ല മറ്റൊരു കാര്യം കൂടിയുണ്ട്. ഞാൻ ഇവിടെത്തന്നെയുണ്ട്, ഒളിച്ചോടിയിട്ടില്ല എന്ന്. അതാണ് വേണ്ടത്. തെറ്റ് ചെയ്തില്ലെങ്കിൽ ഒളിച്ചോടേണ്ട ആവശ്യമില്ല.

ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു. എല്ലാവർക്കുമായി വളരെ പ്രാധാന്യമുള്ള മറ്റൊരു പോയിന്‍റ് മൂന്നാമതായി പറയുന്നു. ആണാവട്ടെ, പെണ്ണാവട്ടെ, ഒരാൾ മറ്റൊരാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു. ഇനി പറയാൻ പോകുന്ന കാര്യം മനസ്സിലാക്കിയാൽ മറ്റു പ്രശ്നങ്ങൾ ഏതുമില്ല. സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണ്. നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാൻ. അത് നിവിൻ പോളിയുടെ കടമയല്ല. വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കൊടുത്താൽ അതിന്റെ വരുംവരായ്കകൾ അവർ നേരിടണം.

നിവിൻ പോളി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്‍റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. നിവിൻ അവസാനമായി പറഞ്ഞ ഒരു കാര്യമുണ്ട് നിവിന്‍റെ കൂടെ ആരുമില്ലെന്ന്. അങ്ങനെ ഒന്നും പറയരുത് കേട്ടോ, എല്ലാവരും ഉണ്ട്. ഞാൻ കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *