കുനിയിൽ ഇരട്ടക്കൊല, ശിക്ഷ നാളെ
കുനിയിൽ : നാടിനെ നടുക്കിയ കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ ( Kuniyil twin murder case ) പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്താൻ കോടതിയെ സഹായിച്ചത് ശാസ്ത്രീയതെളിവുകൾ. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. മുഴുവൻ ശാസ്ത്രീയ തെളിവുകളും ഹാജരാക്കുന്നതിൽ സംഘം വിജയിച്ചു. 2012 ജനുവരി അഞ്ചിന് മുസ്ലിംലീഗ് പ്രവർത്തകൻ കുനിയിൽ നടുപ്പാട്ടിൽ അത്തീഖ് റഹ്മാനെ കൊലപ്പെടുത്തിയ സംഭവമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ പ്രതികളായിരുന്ന കൊള ക്കാടൻ ആസാദും അബൂബക്കറുമാണ് പിന്നീട് കൊല്ലപ്പെട്ടത്.
അത്തീഖ് റഹ്മാൻ വധത്തിന് ശേഷം പ്രതികളെ കൊലപ്പെടുത്താൻ സംഘം ഗൂഢാലോചന നടത്തുകയും ആയുധ പരിശീലനം നേടുകയും ചെയ്തിരുന്നു. കൃത്യം നടക്കുന്നതിന് എട്ട് ദിവസം മുമ്പ് ഇതിനായി ടാറ്റസുമോ വാഹനം വാങ്ങുകയും ചെയ്തു.പ്രതികൾക്ക് പരസ്പരം ബന്ധപ്പെടാൻ നാലാം പ്രതിയുടെ പേരിൽ സിംകാർഡ് എടുത്തു. സംഭവം നടന്ന ദിവസം ഈ സിം കാർഡിൽ നിന്ന് പ്രതികളുമായി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സയന്റിഫിക് അസിസ്റ്റൻറുമാരായ അന്നമ്മ ജോൺ, ഉണ്ണികൃഷ്ണൻ, കൈയക്ഷര വിദഗ്ധ ലാലി, സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. സുനിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ആശുപത്രിയിലെത്തിച്ച സമയത്ത് ചികിത്സ നൽകിയ ഡോക്ടർമാർ എന്നിവരെയും വിസ്തരിച്ചു.
Also Read: കുനിയിൽ ഇരട്ടക്കൊല: 12 പേർ കുറ്റക്കാർ
വീട്ടിൽ നിന്ന് ലഭിച്ച നോട്ടീസിൽ നിന്നാണ് ഓരോ പ്രതികളും എന്തൊക്കെ ചെയ്യണമെന്ന് എഴുതിവെച്ചത് കണ്ടത്
സഹോദരങ്ങളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ പ്രതികൾ കൃത്യമായ അജണ്ട തയാറാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ വീട്ടിലാണ് ഗൂഢാലോചന നടന്നത്. വീട്ടിൽ നിന്ന് ലഭിച്ച നോട്ടീസിൽ നിന്നാണ് ഓരോ പ്രതികളും എന്തൊക്കെ ചെയ്യണമെന്ന് എഴുതിവെച്ചത് കണ്ട ത്. കൈയക്ഷര വിദഗ്ധയുടെ സഹായത്തോടെ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. അത്തീഖ് റഹ്മാൻ വധക്കേസിലെ പ്രതികളായ അബ്ദുൽ കലാം ആസാദ്, അബൂബക്കർ എന്നിവരുടെ ഫോട്ടോ ആ കാലത്ത് മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ഫോട്ടോ പ്രത്യേകം മാർക്ക് ചെയ്ത് പ്രതികൾ ഫോണിൽ സൂക്ഷിച്ചതായി കണ്ടെത്തി. അന്നത്തെ നാർക്കോട്ടിക്ക്ൽ ഡിവൈ.എസ്.പി ആയിരുന്ന എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് 22 പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
12 മുതൽ 17 വരെ പ്രതികളായ കോലോത്തുംതൊടി അനസ് മോൻ (41), ഇരുമാംകടവത്ത് കോലോത്തുംതൊടി നിയാസ് (42), ആലുങ്ങൽ നവാസ് ശരീഫ് (41), കോലോത്തും തൊടി മുജീബ് റഹ്മാൻ, കുറുവങ്ങാടൻ ഷറഫുദ്ദീൻ (ചെറിയാപ്പു -55), അബ്ദുൽ സബൂർ കോട്ട, 19 മുതൽ 21 വരെ പ്രതികളായ പാറമ്മൽ അഹമ്മദ് കുട്ടി (75), ഇരുമാംകടവത്ത് യാസിർ (47), കുറ്റിപ്പുറത്ത് ചാലി റിയാസ് എന്നിവരെ വെറുതെ വിട്ടു.
മരിച്ചത് കൊളക്കാടൻ സഹോദരൻമാർ
2012 ജൂൺ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. കുനിയിൽ കുറുവങ്ങാടൻ അത്തീഖ് റഹ്മാൻ വധക്കേസിലെ പ്രതികളായ കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്ദുൽകലാം ആസാദ് എന്നി വരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിൽ വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജനുവരി അഞ്ചിന് അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം പ്രതികൾ ആസൂത്രണം ചെയ്ത് ഇരട്ടക്കൊല നടത്തിയെന്നാണ് കുറ്റപത്രം.
(Kuniyil twin murder)
വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹാർഡ് വെയർ കടയുടെ മുന്നിലാണ് കാറിലെത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
2012 ജൂൺ 10 രാത്രി 7.30ന് കുനിയിൽ അങ്ങാടിയിലായിരുന്നു ആക്രമണം. അങ്ങാടിയിലെ എം.പി സൗണ്ട്സ് എന്ന കടക്ക് മുന്നിൽ ബൈക്കിൽ ചാരി നിൽക്കുകയായിരുന്ന കൊളക്കാടൻ ആസാദിനെയാണ് ആദ്യം ആക്രമിച്ചത്. പ്രാണരക്ഷാർഥം കടയുടെ ഉള്ളിലേക്ക് കയറിയെങ്കിലും കടയിൽ കയറിയും ആക്രമണം തുടർന്നു. തൊട്ടപ്പുറത്ത് റോഡരികിൽ വെച്ചാണ് അബൂബക്കറിനെ ആക്രമിച്ചത്. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹാർഡ് വെയർ കടയുടെ മുന്നിലാണ് കാറിലെത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഇതേ വാഹനങ്ങളിൽ തന്നെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആസാദ് പുലർച്ചെ മൂന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലും അബൂബക്കർ അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലുമാണ് മരിച്ചത്.
പുള്ളിപ്പാടത്തെ കാട്ടിനുള്ളിലാണ് ടാറ്റ സുമോ ഒളിപ്പിച്ചത്. ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആയുധങ്ങൾ ചാക്കിലാക്കി മുതിരേട്ടിപ്പാറയിലെ ക്വാറിയിൽ ഉപേക്ഷിച്ചു. അബൂബക്കറിനെ ആക്രമിച്ച സംഘം എടശ്ശേരികടവ് പാലത്തിന് മുകളിൽ നിന്നാണ് രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും ഉപേക്ഷിച്ചത്. പൊലീസ് സഹായത്തോടെ ഇത് കണ്ടെത്താൻ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇതിനിടെ ഒരാൾ മുങ്ങിമരിച്ചതോടെ പിന്നീട് തിരച്ചിൽ ഉപേക്ഷിച്ചു. ക്വാറിയിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ രക്തക്കറ തിരിച്ചറിയാൻ സാധിച്ചു.
275 സാക്ഷികൾ, നൂറിലധികം തൊണ്ടിമുതലുകൾ
കേസിൽ കോടതി വിസ്തരിച്ചത് ദൃക്സാക്ഷികളുൾപ്പെടെ 275 സാക്ഷികളെ. വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ 100ലധികം തൊണ്ടിമുതലുകളും ഫോൺകോളുകളുടെ രേഖകളും പ്രതികൾ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും മറ്റ് ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും ഉൾപ്പെടെ 3000 ത്തിലേറെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 2018 സെപ്റ്റംബർ 19നാണ് വിചാരണ തുടങ്ങിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളും സാക്ഷിവിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല തലശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോയതും മൂലം വിചാരണ നടപടികൾ നീണ്ടു. ഇതിനിടെ, വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസിൽ വിധി പറയണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി ടി.എച്ച്, രജിത വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹരജി സുപ്രീം കോടതി തള്ളി. തുടർന്നാണ് കേസിലെ നടപടികൾ പൂർത്തിയാക്കിയത്. ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സബ് ഇൻസ്പെക്ടർ പി. ഷാജിമോൻ പ്രോസിക്യൂഷനെ സഹായിച്ചു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Also Read: കുനിയിൽ ഇരട്ടക്കൊല: വിധി നാളെ അറിയാം
Source: Source of data
Pingback: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ - The Journal