ഇരട്ട ഷോക്ക്: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് വർധന, 10ൽനിന്ന് 19 പൈസയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള പ്രാദേശിക നിയന്ത്രണം തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് ഇരുട്ടടി. ഇന്ധന സർചാർജ് 10 പൈസ കൂടി വർധിപ്പിച്ചു. നേരത്തേയുള്ള ഒമ്പത് പൈസക്ക് പുറമേ, 10 പൈസ കൂടി സർചാർജായി ഈടാക്കുന്നതോടെ മേയിലെ ബില്ലിൽ ഇതടക്കം സർചാർജ് 19 പൈസയാവും.

 

ഒമ്പത് പൈസക്ക് പുറമേ, 10 പൈസകൂടി ഇന്ധന സർചാർജ് ഇനത്തിൽ ഈടാക്കാനാണ് റെഗുലേറ്ററി കമീഷൻ അനുവാദമുള്ളത്. ഇതിനു പുറമേ, ഇൗ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്‍റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപഭോക്താക്കൾ നൽകേണ്ടിവരും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. കൂടുതൽ വൈദ്യുതി ഉപയോഗമുള്ള പ്രദേശങ്ങളിലാണ് നിലവിൽ നിയന്ത്രണം. പീക്ക് സമയത്ത് ആവശ്യമായ ഇടങ്ങളിൽ നിയന്ത്രണം ആകാമെന്നായിരുന്നു ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് ലഭിച്ച നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ വിതരണശൃംഖല ദുർബലവും ലോഡ് കൂടുതലുമുള്ള ഇടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടക്കമുണ്ടായി.

 

ഉപയോഗം കൂടിയതുകാരണം ലൈനുകൾ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് 10 മിനിറ്റോളം പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പലയിടത്തും ഇതിലേറെ സമയം വൈദ്യുതി തടസ്സപ്പെട്ടു. ഇത്തരം നടപടികളിലൂടെ പീക്ക് സമയ ഉപയോഗത്തിൽ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി.

115.9485 ദശലക്ഷം യൂനിറ്റാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞത് മാത്രമാണ് ആശ്വാസം. വ്യവസായിക മേഖലയിലടക്കം ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണവഴി പീക്ക്സമയ ആവശ്യകത കുറക്കാനായില്ലെങ്കിൽ ലോഡ് ഷെഡിങ് അല്ലാതെ മറ്റു പോംവഴിയില്ലെന്ന റിപ്പോർട്ട് കെ.എസ്.ബി സർക്കാറിന് നൽകിയേക്കും. 5800 മെഗാവാട്ട് കൈകാര്യശേഷിയാണ് സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലക്കുള്ളത്. ഈ ശേഷി മറികടന്നാല്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരൽ ബുദ്ധിമുട്ടാവും. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആഹ്വാനം ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്. വരും ദിവസങ്ങളിലും ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ നിയന്ത്രണങ്ങളില്ലാതെ ഏവര്‍ക്കും വൈദ്യുതി നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *