ഭയമില്ലാതെ അഭിപ്രായം പറയുന്നവരുടെ എണ്ണം കുറയുന്നു -ടി. പത്മനാഭൻ
പി.കെ. പോക്കറിന്റെ ആത്മകഥ ‘എരിക്കിൻ തീ’ പ്രകാശനം ടി. പത്മനാഭൻ നിർവഹിക്കുന്നു
കോഴിക്കോട്: ഭയലേശമന്യേ അഭിപ്രായം പറയുന്ന ആളുകളുടെ എണ്ണം കുറയുകയും ചെറുപ്പക്കാരടക്കമുള്ള ഭാഗ്യാന്വേഷികളുടെ എണ്ണം പെരുകുകയുമാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പി.കെ. പോക്കറിന്റെ ആത്മകഥ ‘എരിക്കിൻ തീ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈദ്ധാന്തികർ പലരുമുണ്ടാകും. ഇവരുടെ ജീവിതം ദയനീയമാണ്.
പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും. മഹാ കള്ളന്മാരാണ് പലരും. ഇതിൽനിന്ന് വ്യത്യസ്തനാണ് പി.കെ. പോക്കറെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു. കഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. നവീൻ പ്രസാദ് അലക്സ് പുസ്തകം പരിചയപ്പെടുത്തി. കാലിക്കറ്റ് ബുക് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എൻ.എം. സണ്ണി അധ്യക്ഷതവഹിച്ചു. ഡോ. ഖദീജ മുംതാസ്, കെ.ഇ.എൻ, ഡോ. പി.കെ. പോക്കർ എന്നിവർ സംസാരിച്ചു. കെ.എസ്. ഹരീന്ദ്രനാഥ് സ്വാഗതവും വിൽസൺ സാമുവൽ നന്ദിയും പറഞ്ഞു.
