ഗോളിൽ തർക്കം; മൈതാനം വിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ; ബംഗളൂരു സെമിയിൽ
ബംഗളൂരു: ഐ.എസ്.എൽ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്ററിൽ അധിക സമയത്തേക്ക് നീണ്ട കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരത്തിൽ നാടകീയ രംഗങ്ങൾ.
മത്സരത്തിന്റെ 96ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയാണ് തർക്കം. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനു പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കാണ് വിവാദത്തിന് ഇടയാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കുന്നതിനിടെ അതിവേഗം സുനിൽ ഛേത്രി കിക്കെടുക്കുകയും ഗോളാകുകയും ചെയ്തു. റഫറി ഗോൾ അനുവദിക്കുകയും ചെയ്തു.
ഈ സമയം ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും പോസ്റ്റിനു പുറത്തായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറിയുമായി തർക്കിച്ചെങ്കിലും തീരുമാനം പിൻവലിക്കാൻ തയറായില്ല. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകുമനോവിച്ച് താരങ്ങളെ ഗ്രൗണ്ടിൽനിന്ന് തിരിച്ചുവിളിച്ചത്. താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു.
ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ മാച്ച് ഓഫിഷ്യലുമായി നടത്തിയ ചർച്ചക്കുശേഷം റഫറി ബംഗളൂരുവിനെ വിജയിയായി (1-0) പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബംഗളൂരു ഷീൽഡ് വിന്നേഴ്സായ മുംബൈ സിറ്റി എഫ്.സിയുമായി സെമിയിൽ ഇരു പാദങ്ങളിലുമായി ഏറ്റുമുട്ടും.
നിശ്ചിത സമയം ഗോൾരഹിതമായി അവസാനിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
ആദ്യ പകുതിയിൽ ബംഗളൂരുവിന്റെ മുന്നേറ്റമായിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബാളുമായി കളം നിറയുന്നതാണ് കണ്ടത്.