മഞ്ചേരിയിലെ കുടിവെള്ള പ്രശ്നം; കോൺഗ്രസ്സ് ജല അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി
മഞ്ചേരി:മഞ്ചേരിയിൽ മൂന്നു മാസത്തിലേറെ കാലമായി വിവിധ സ്ഥലങ്ങളിൽ അനുഭവിച്ചു വരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിനിധി സംഘം ജല അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവരുമായാണ് കോൺഗ്രസ്സ് ചർച്ച നടത്തിയത്. അശാസ്ത്രീയമായ പമ്പിംഗും അറ്റകുറ്റ പണികളുടെ അഭാവവും അതു കാരണമുള്ള വിതരണ ലൈനിലെ ലിക്കും പ്രധാന കാരണങ്ങളാണെന്ന് സംഘം അധികൃതരെ അറിയിച്ചു. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് അറ്റകുറ്റ പണി നടക്കാത്തതിന്റെ കാരണമെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ആയത് ചെയ്യുമെന്നും ഇരുവരും കോൺഗ്രസ്സ് സംഘത്തെ രേഖാമൂലം അറിയിച്ചു. അതേസമയം വകുപ്പുകൾ തമ്മിലുള്ള കിട മത്സരം കുടിവെള്ളം മുടങ്ങുന്നതിനുള്ള ന്യായീകരണമായി കാണാനാവില്ലെന്നും പുതിയ മരാമത്ത് എക്സി: എഞ്ചിനീയർ ചുമതലയേറ്റ ഉടൻ അദ്ദേഹത്തെ കാണുമെന്നും അടിയന്തിര ഫലം കണ്ടില്ലെങ്കിൽ പ്രത്യക്ഷ ജനകീയ പ്രക്ഷേഭത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും പ്രതിനിധി സംഘം അറിയിച്ചു. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ, ഭാരവാഹികളായ അപ്പു മേലാക്കം, പി.കെ. സത്യപാലൻ, പൂഴിക്കുത്ത് അവറു, പുല്ലഞ്ചേരി അബ്ദുള്ള, മണ്ഡലം പ്രസിഡന്റ് സുബൈർ വീമ്പൂർ, കെ.വേശപ്പ, എ.അശോകൻ , ഇ.കെ. ഷൈജൽ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റിനൊ കുര്യൻ, രോഹിത് പയ്യനാട് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായി.