അഞ്ച് വർഷത്തിനിടെ രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പിടികൂടിയത് 11,311 കോടിയുടെ മയക്കുമരുന്ന്; ഏറ്റവും കൂടുതൽ അദാനിയുടെ തുറമുഖത്തിൽ

Drugs

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11,311 കോടി രൂപയുടെ ലഹരി വസ്തുക്കള്‍. 2020 മുതൽ 2024 വരെ രാജ്യത്തെ തുറമുഖങ്ങളിൽ നിന്നും 19 മയക്കുമരുന്ന് കടത്തൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തിയത് അദാനിയുടെ തുറമുഖത്താണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.Drugs

2021ൽ അദാനിയുടെ മുദ്ര തുറമുഖത്തിലാണ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നത്. 5976 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയാണ് മുദ്രയിൽ നടന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 2988 കിലോഗ്രാം ഹെറോയിനും ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തുറമുഖങ്ങളിൽ മയക്കുമരുന്ന് പിടിച്ചെടുക്കലിൽ വർധനവ് ഉണ്ടായിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ കൊക്കെയ്ൻ, ഹെറോയിൻ, മെത്താഫെറ്റാമൈൻ, ട്രമാഡോൾ ഗുളികകൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2021ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വി.ഒ ചിദംബരനാർ തുറമുഖത്ത് നിന്ന് 1515 കോടി രൂപ വിലമതിക്കുന്ന 303 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതാണ് രണ്ടാമത്തെ വലിയ ലഹരിവേട്ട. 2020ൽ മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് നിന്ന് 382 കോടി രൂപ വിലവരുന്ന 191 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യത്തുടനീളമുള്ള കസ്റ്റംസ്, ഡിആർഐ, എൻസിബി, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തുറമുഖങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *