കുവൈത്തില്‍ ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരും: കാലാവസ്ഥാ വകുപ്പ്
ശനിയാഴ്ച വരെ കുവൈത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍അലിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റും സൃഷ്ടിക്കുമെന്നും പറഞ്ഞു. ഈ കാറ്റ് മണിക്കൂറില്‍ 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.storms
‘നിലവിലുള്ള സാഹചര്യങ്ങള്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍, ചിലപ്പോള്‍ ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറയ്ക്കും’ അല്‍അലി പറഞ്ഞു. തീവ്രമായ കാറ്റും പൊടിക്കാറ്റും പരമാവധി താപനിലയില്‍ ഏകദേശം നാല് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്ര സ്ഥിതി വഷളാകുമെന്നും തിരമാലകള്‍ ആറ് അടിയില്‍ കൂടുതല്‍ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ പൊതുവെ പകല്‍ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞ അവസ്ഥയായിരിക്കുമെന്നും അല്‍അലി പറഞ്ഞു. വൈകുന്നേരങ്ങളില്‍ പൊടിപടലങ്ങള്‍ ക്രമേണ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പകല്‍ സമയത്തെ പരമാവധി താപനില 43°C നും 46°C നും ഇടയിലായിരിക്കുമെന്നും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 30°C നും 33°C നും ഇടയിലായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ദൂരക്കാഴ്ച കുറയുന്നതിനാല്‍ ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. ആസ്ത്മയോ അലര്‍ജിയോ ഉള്ള വ്യക്തികള്‍ പുറത്തേക്ക് പോകുമ്പോള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.