കുറഞ്ഞ നിരക്കിന് ഇനി വൈദ്യുതി നൽകാനാവില്ലെന്ന് കമ്പനികൾ; കെഎസ്ഇബിക്ക് തിരിച്ചടി

തിരുവനന്തപുരം: 465 മെഗാവാട്ട് വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിൽ കെഎസ്ഇബിക്ക് തിരിച്ചടി. മുൻ കരാർ പ്രകാരം കുറഞ്ഞ നിരക്കിന് ഇനി കരാറുകൾ നൽകാനാവില്ലെന്ന് കമ്പനികൾ അറിയിച്ചു.മെയ് മുതൽ നവംബർ വരെ 400 കോടി രൂപയാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി അധികമായി ചെലവഴിച്ചത്.

 

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടത്തിയ ഹിയറിംഗിലാണ് കമ്പനികൾ നിലപാടറിയിച്ചത്. ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട രേഖകൾ കൈമാറാൻ കമ്മിഷൻ കമ്പനികൾക്ക് നിർദേശം നൽകി.

 

കേരളത്തിന് പുറത്തുള്ള നാല് കമ്പനികളിൽ നിന്ന് കെഎസ്ഇബി ദീർഘകാലമായി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ച കരാർ ടെണ്ടർ നടപടികളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സർക്കാർ, ഒക്ടോബർ 4ന് മന്ത്രിസഭ ചേർന്ന് കരാർ പുതുക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു.

 

കെഎസ്ഇബി അപ്പല്ലേറ്റ് ട്രൈബ്യൂണലിൽ ഹരജി സമർപ്പിച്ചതിനാൽ ഏകപക്ഷീയമായി കരാർ പുനഃസ്ഥാപിക്കാൻ കമ്മീഷന് അധികാരമില്ലെന്ന നിയമോപദേശം കുരുക്കായി. ഹരജിയിൽ സംസ്ഥാന സർക്കാരും കക്ഷി ചേർന്നു. ഒക്ടോബർ 30ന് കേസ് പരിഗണിച്ച അപ്പല്ലേറ്റ് ട്രൈബ്യൂണൽ കരാർ പുതുക്കുന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് വിധിക്കുകയും കെഎസ്ഇബിയോട് റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *