കാട്ടാനപ്പേടിയിൽ ആനമറി നിവാസികൾ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

കാട്ടാന നശിപ്പിച്ച ആനമറിയിലെ കൃഷിയിടം
നിലമ്പൂർ: കാട്ടാനപ്പേടിയിലാണ് വഴിക്കടവ് ആനമറി നിവാസികൾ. നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കിണർ തകർത്തതിന് പിന്നാലെ കഴിഞ്ഞദിവസം പുലർച്ചെ പുരയിടത്തിലെ തെങ്ങ് ഉൾപ്പടെയുള്ള കൃഷികളും പാടേ നശിപ്പിച്ചു. അപകടത്തിൽ കാലിന് പരിക്കേറ്റ് കിടക്കുന്ന പുളികലക്കത്ത് അബ്ദുൽ അസീസും കുടുംബവും കൊമ്പനിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. വീടിന് പിന്നിലെത്തിയ കാട്ടാനയെ ഒച്ചവെച്ച് ഒഴിവാക്കുന്നതിനിടെ ഒറ്റയാൻ കുടുംബത്തിന് നേരെ പാഞ്ഞെടുത്തു. കുട്ടികളടക്കം വീട്ടിനുള്ളിൽ ഒളിച്ച് രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് ഒറ്റയാൻ വീട്ടുമുറ്റതെത്തിയത്. പറമ്പിലെ തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. സമീപത്തെ പുളിക്കലകത്ത് ജമീല, മൊളയംപറമ്പിൽ സഫിയ, ഈന്തൻ കുഴിയൻ മുഹമ്മദാലി, കുഞ്ഞാണി എന്നിവരുടെയും വാഴ, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ച ശേഷമാണ് കൊമ്പൻ കാട് കയറിയത്. രാവിലെ വനം വകുപ്പിനെ വിവരം അറിയിച്ചിട്ടും അവർ വരാൻ കൂട്ടാക്കിയില്ലെന്ന് കുടുംബങ്ങൾ പരാതിപ്പെട്ടു.
കഴിഞ്ഞ വർഷം സമീപത്തെ ആദിവാസി കുടുംബമായ ദാസന്റെ വീടിന്റെ അടുക്കള ഭാഗം ഭിത്തി തകർത്ത് അടുക്കളയിലെ ഭക്ഷ്യസാധനങ്ങൾ മുഴുവൻ തിന്ന ശേഷമാണ് കൊമ്പൻ കാട് കയറിയെത്. സമീപവാസികൾ ഓടിയെത്തി ബഹളം വെച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞടക്കം അന്ന് രക്ഷപ്പെട്ടത്.
നെല്ലിക്കുത്ത് വനാതിർത്തിയിലാണ് ആനമറി പ്രദേശം. ഇവിടെ വനാതിർത്തിയിൽ രണ്ടാംപാടം വനം ഔട്ട്പോസ്റ്റ് മുതൽ ആനമറി എത്തുന്നത് വരെ വനം വകുപ്പ് തൂക്ക് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 600 മീറ്റർ ഭാഗത്ത് ഫെൻസിങ് ഇല്ല. ഇതിലൂടെ കാട്ടാനകൾ നിരന്തരം നാട്ടിലിറങ്ങുകയാണ്. ശേഷിച്ച ഭാഗത്ത് ഫെൻസിങ്ങിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് പറയുന്നതല്ലാതെ പ്രവൃത്തി അനന്തമായി നീളുകയാണ്. നിരന്തരമുള്ള കാട്ടാനശല്യം മൂലം നാട്ടുകാർ ഏറെ ഭീതിയിലാണ് കഴിയുന്നത്.
