അടിയന്തര യുദ്ധ ക്യാബിനറ്റിൽ വോട്ടിങ് നീളുന്നു; വെടിനിർത്തലിന് വിലങ്ങുതടിയായി ഇസ്രായേൽ നീക്കം

Emergency War Cabinet Voting Extends; Israel's move as a restraint on the ceasefire

തെൽഅവീവ്: ഗസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് വിലങ്ങുതടിയായി ഇസ്രായേൽ നീക്കം. അടിയന്തിര യുദ്ധ ക്യാബിനറ്റ് വോട്ടിങ് നീളുന്നു. കരാർ വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നോട്ടു പോയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം കരാർ പൂർണാർഥത്തിൽ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്സത്തുൽ റാശിഖ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ഖത്തർ പ്രധാനമന്ത്രി ഗസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോൾ തന്നെ കരാർ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരുന്നത്. അതിനിടെയാണ് കരാർ വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നോട്ട് പോയി എന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. യുദ്ധ ക്യാബിനറ്റ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാറിന്റെ ഭാവിയിൽ ആശങ്കയുണ്ട്.

അതേസമയം വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ നിലപാടും നിർണായകമാണ്. ജനുവരി 20ന് ഡൊണൾഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കാൻ പോവുകയാണ്. അതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കുക എന്നത് ട്രംപിന് പ്രധാനമാണ്. അതുകൊണ്ട് തന്നെ വെടിനിർത്തലിന് യുഎസ് ഇസ്രായേലിന് മേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്.

വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷവും ഗസ്സയിൽ രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. 40 ഫലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ 46,707 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 110,265 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *