മുഖ്യമന്ത്രിക്ക് അതിജീവിതയുടെ വൈകാരിക ശബ്ദസന്ദേശം; ഉടൻ രാഹുലിന്‍റെ അറസ്റ്റിന് നിർദേശം


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം. വിദേശത്തുനിന്നും പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേൾക്കുകയും തുടർന്ന് ശബ്ദസന്ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയുമായിരുന്നു.

രാഹുൽ പുറത്തുനിൽക്കുന്നത് തന്‍റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. യുവതി വിദേശത്തുനിന്ന് എത്തിയ ശേഷം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയാൽ മതിയെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രി അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ കേസുകളിലെ പോലെ രാഹുൽ മുങ്ങുന്നത് തടയാൻ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങൾ നടത്തിയത്. അറസ്റ്റ് വിവരം പുറത്താകാതിരിക്കാൻ രാഹുലിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ടീമിനെ പൂർണമായി ഒഴിവാക്കി. ഓപ്പറേഷനിൽ എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി.

ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് സംഘം പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഇന്ന് പുലർച്ചെ 12.30ഓടെ എത്തിയത്. പൊലീസുകാർ ഹോട്ടൽ മുറിയിലെത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല.

രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി ലഭിച്ചത്.