ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

Employment Guarantee Amendment Bill passed in Lok Sabha

 

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി കേന്ദ്ര സർക്കാർ. തൊഴിലുറപ്പ് പദ്ധതി ബില്ലിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബില്ലിൽ ലോക്സഭയിൽ കൃഷി ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുന്നതിനിടെയാണ് പ്രതിഷേധം.

മന്ത്രിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ബില്ല് കീറിയെറിയുകയും ചെയ്തു. യുഡിഎഫ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചു.

തൊഴിലുറപ്പ് ഭേദഗതി ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസമായി സഭയിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇന്നലെ രാത്രി 1:45 വരെയാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ച മുന്നോട്ട് പോയത്. 98 അംഗങ്ങളാണ് ബില്ലിന് മേൽ സംസാരിച്ചത്. ഇതിന്റെ മറുപടിയായിരുന്നു ഇന്ന് വെച്ചിരുന്നത്. ഇന്ന് രാവിലെ 11:30 ഓടെ മന്ത്രിയുടെ മറുപടി ആരംഭിച്ചു.

മറുപടി ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ബില്ല് കീറിയെറിഞ്ഞു. ഈ പ്രതിഷേധത്തിനിടയിലാണ് ഇതെല്ലം അവഗണിച്ച് സർക്കാർ ബില്ല് പാസാക്കിയത്.

20 വർഷമായുള്ള മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന VB-G RAM G എന്ന പുതിയ ബില്ലാണ് ഇപ്പോൾ ലോക്സഭയിൽ പാസാക്കിയിരിക്കുന്നത്. ഇനി ബില്ല് രാജ്യസഭയിലേക്ക് വിടും. ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *