ടെസ്‌ല ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ എഞ്ചിനീയർക്ക് ഗുരുതര പരിക്ക്

kerala, Malayalam news, the Journal,
ടെക്സസ്: ടെസ്‍ല കാർ നിർമാണ ഫാക്ടറിയിൽ റോബോട്ട് മനുഷ്യനെ ആക്രമിച്ചതായി റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓസ്റ്റിനിലെ ഫാക്ടറിയിലുണ്ടായ സംഭവത്തിൽ ടെസ്‌ല സോഫ്റ്റ്‌വെയർ എൻജിനീയർക്ക് പരിക്കേറ്റു. കാറിന്റെ അലൂമിനിയം പാർട്സുകൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന റോബോട്ടിന് സംഭവിച്ച തകരാറാണ് വിനയായത്.

എൻജിനീയറെ ബലിഷ്ഠമായ റോബോട്ടിക് കൈകൊണ്ട് ഞെരിക്കുകയും ലോഹ നഖങ്ങൾ അയാളുടെ ദേഹത്ത് ആഴ്ത്തുകയും ചെയ്തതായി ന്യൂയോർക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന സംഭവം, 2021-ലെ ഒരു ഇൻജുറി റിപ്പോർട്ടിലൂടെയാണ് പുറംലോകമറിയുന്നത്.

പുതുതായി കാസ്‌റ്റ് ചെയ്‌ത അലുമിനിയം കഷണങ്ങളിൽ നിന്ന് കാറിന്റെ ഭാഗങ്ങൾ മുറിക്കാൻ ചുമതലപ്പെടുത്തിയ റോബോട്ടുകൾക്കായുള്ള സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എൻജിനീയർ. കേടുപാട് പറ്റിയ രണ്ട് റോബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കിടെ, മൂന്നാമത്തേത് അവിചാരിതമായി പ്രവർത്തനക്ഷമമാവുകയായിരുന്നു. ആ റോബോട്ടായിരുന്നു യുവാവിനെ ആക്രമിച്ചത്.

‘ദ ഇൻഫർമേഷൻ’ റിപ്പോർട്ട് ചെയ്തത് പ്രകാരം, എൻജിനീയറുടെ ഇടതുകൈ പൊട്ടുകയും ധാരാളം രക്തം വാർന്നുപോവുകയും ചെയ്തിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും ജോലിയിൽ നിന്ന് ഏറെ നാൾ ജീവനക്കാരന് മാറിനിൽക്കേണ്ടി വന്നു.

ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലും സമാന രീതിയിലുള്ള സംഭവമുണ്ടായി. ദക്ഷിണ ജിയോങ്‌സാങ് പ്രവിശ്യയിലെ കാർഷിക ഉൽപന്ന വിതരണ കേന്ദ്രത്തിൽ വെച്ച് ഒരു റോബോട്ട് മനുഷ്യനെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. റോബോട്ടിക്‌സ് കമ്പനി ജീവനക്കാരനായ യുവാവ് വ്യാവസായിക റോബോട്ടിന്റെ സെൻസർ പ്രവർത്തനങ്ങൾ പരിശോധിക്കുകയായിരുന്നു.

കുരുമുളക് നിറച്ച പെട്ടികൾ എടുത്ത് പാലറ്റുകളിലേക്ക് നീക്കിവെക്കുന്ന ഡ്യൂട്ടിയായിരുന്നു റോബോട്ടിന്. അത് ചെയ്തുകൊണ്ടിരിക്കെ, തകരാറിലായ ‘റോബോട്ട്’ പകരം അവിടെയുണ്ടായിരുന്ന 40 വയസ്സുകാരനായ ജീവനക്കാരനെ എടുത്തുയർത്തുകയായിരുന്നു. ബലിഷ്ഠമായ റോബോട്ടിക് കൈകൊണ്ട് ചതച്ചരക്കപ്പെട്ടാണ് യുവാവ് മരിച്ചതെന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *