രാജ്‌കോട്ട് ടി 20ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, മത്സരം നാളെ
രാജ്‌കോട്ട്: ഇന്ത്യക്കെതിരെ രാജ്‌കോട്ടിൽ നാളെ നടക്കുന്ന മൂന്നാം ടി20 ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് സന്ദർശകർ നിലനിർത്തിയത്. ചെന്നൈ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ തിലക് വർമയുടെ ഉജ്ജ്വല പ്രകടനത്തിൽ അവസാന ഓവറിലാണ് ഇന്ത്യ ജയം പിടിച്ചത്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്തുയരാനാവാത്ത പേസർ ജോഫ്രാ ആർച്ചറിനെ ത്രീലയൺസ് നിലയനിർത്തി. രണ്ടാം ടി20യിൽ നാല് ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഇംഗ്ലീഷ് താരത്തിന്റെ പ്രകടനം. അതേസമയം, ബ്രൈഡൻ കാസ്, ജാമി ഓവർട്ടൻ എന്നിവരുടെ ഫോമും പ്രതീക്ഷ നൽകുന്നു.India
അതേസമയം, ഇംഗ്ലണ്ടിനെതെരായ മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര ആധികാരികമായി സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ നാളെ രാജ്‌കോട്ടിലിറങ്ങുക. രാജ്‌കോട്ടിൽ നടന്ന അഞ്ച് കളികളിൽ മൂന്ന് തവണ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോൾ രണ്ട് തവണ ചേസ് ചെയ്ത ടീമിനൊപ്പമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന മുഹമ്മദ് ഷമിയുടെ കംബാക് ഇന്നുണ്ടാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമാണ് ആതിഥേയർ നേരിടുന്ന പ്രധാന പ്രതിസന്ധി. അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രാത്രി ഏഴ് മണിക്കാണ് മത്സരം.