ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി. ഇ.പിക്ക് പകരം ടി.പി രാമകൃഷ്ണനെ എൽ.ഡി.എഫ് കൺവീനറായേക്കുമെന്നാണ് വിവരം.
സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇ.പി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇ.പി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ.പിയുടെ വിശദീകരണം.ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വലിയ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ജയരാജനും സ്ഥിരീകരിച്ചിരുന്നു.
Also Read: മദ്യപാനം ചോദ്യംചെയ്തു; കോഴിക്കോട് ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു
ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറയുകയായിരുന്നു.
കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.