ഏറനാട് മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഏറനാട് മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ടൗൺ പ്ലാനിങ് ഓഫീസർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹുജന സദസ്സ് നടത്തുന്നത്.
നവംബർ 30ന് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് സദസ്സ് നടക്കുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും സദസ്സിൽ സംവദിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി ചെയർമാനും ഏറനാട് തഹസിൽദാർ ഹാരിസ് കാപ്പൂർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ്, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, കെ.എസ് അഷറഫ്, എം.മുകുന്ദൻ, കെ.ടി അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. ഏറനാട് തഹസിൽദാർ ഹാരിസ് കാപ്പൂർ സ്വാഗതവും അരീക്കോട് വില്ലേജ് ഓഫീസർ കെ.ഷാജു നന്ദിയും പറഞ്ഞു.