ഡിജിറ്റൽ യുഗത്തിലും ഹിറ്റാണ് ചുവരെഴുത്തും അനൗൺസ്മെന്‍റും



തൊടുപുഴ: സമൂഹ മാധ്യമവും നിർമിതബുദ്ധിയും (എ.ഐ) തെരഞ്ഞെടുപ്പ് ഗോദ കീഴടക്കുമ്പോഴും വോട്ടർമാരുടെ മനസ്സിലേക്ക് ഇടിച്ചുകയറാൻ പഴയകാല പ്രചാരണ രീതികൾ ഒഴിവാക്കിയുള്ള കളിയില്ലെന്നാണ് മുന്നണികളുടെ നിലപാട്. അതുകൊണ്ട് തന്നെ റീലുകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം തകർക്കുമ്പോഴും ചുവരെഴുത്തുകൾക്കും അനൗൺസ്മെന്‍റ് വാഹനങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല.

‘‘മാന്യമഹാ ജനങ്ങളേ, ഓരോ വോട്ടും നിങ്ങടെ സ്ഥാനാർഥിക്ക്…’’ സ്ഥാനാർഥികളുടെ പേരും ചിഹ്നവും നിലപാടുകളുമറിയിച്ച് തലങ്ങും വിലങ്ങും പായുന്ന അനൗൺസ്മെന്‍റ് വാഹനങ്ങളില്ലെങ്കിൽ തെരഞ്ഞെടുപ്പിന്‍റെ മൂഡ് തന്നെ പോകും. പറമ്പിലോ പാടത്തോ അടുക്കളയിലോ വഴിയോരത്തോ കടകളിലോ ജോലിയിൽ ഏർപ്പെടുന്നവർക്ക് ജോലി തടസ്സപ്പെടാതെ സ്ഥാനാർഥിയെക്കുറിച്ച് അറിയാം എന്നതാണ് ഇതിന്റെ നേട്ടം. ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും അനൗൺസ്മെന്റ് തകർക്കുന്നുണ്ട്.

സ്ഥാനാർഥിയുടെ മഹിമകൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനങ്ങളിലെത്തിക്കുകയാണ് അനൗൺസ്മെന്‍റുകളുടെ ലക്ഷ്യം. സ്ക്രിപ്റ്റ് തയാറാക്കി ഒരു ശബ്ദകലാകാരനെക്കൊണ്ട് പറയിച്ച് മിക്സ് ചെയ്ത് കിട്ടാൻ 4000– 5000 രൂപ ചെലവുണ്ട്. കലാശക്കൊട്ട് ദിനത്തിൽ എതിരാളികളോട് പിടിച്ചുനിൽക്കാൻ കരുത്തുറ്റ ലൈവ് അനൗൺസ്മെന്റ് തന്നെ വേണം.

ഡയലോഗും പാട്ടും ലയിപ്പിച്ച അനൗൺസ്മെന്റുകൾ തെരഞ്ഞെടുപ്പ് ആവേശത്തെ ചൂടുപിടിപ്പിക്കുകയാണ്. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും സ്ഥാനാർഥിയുടെ പേര് മുഴങ്ങിക്കേൾക്കണമെന്നാണ് വാഹന ഉടമകൾക്ക് പാർട്ടിക്കാർ നൽകിയിരിക്കുന്ന നിർദേശം.

നൊസ്റ്റാൾജിക് ചുവരുകൾ

ഡിജിറ്റൽ ഫ്ലക്സുകൾ വിരൽത്തുമ്പിൽ മാറിമറിയുന്ന കാലത്തും ചുവരെഴുത്തുകൾക്ക് ഒരു നൊസ്റ്റാൾജിക് ടച്ച് ഉണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ നിഗമനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ നാട്ടിലെ മതിലുകളെല്ലാം ബുക്ക്ഡ് ആകും.

തെരഞ്ഞെടുപ്പ് ചൂട് കൂടിയതോടെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയുമായി. ഒരു കാലത്ത് ഫ്ലക്സ് ബോർഡുകൾക്ക് വഴിമാറിയിരുന്ന ചുവരെഴുത്ത് പരിസ്ഥിതി സൗഹാർദ പ്രചാരണത്തിന്‍റെ ഭാഗമായി മടങ്ങിയെത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വന്നതോടെ ചുവരെഴുത്തുകാർ തിരക്കിലാണ്. ജില്ലയിൽ ചുവരെഴുത്തിൽ സജീവമായ 25ഓളം പേരാണുള്ളത്. 45-75 വയസ്സിനിടയിലുള്ളവർ. ചെയ്യുന്ന ജോലിക്ക് ഉയർന്ന പ്രതിഫലമാണ് മേഖലയുടെ ആകർഷണം. ചതുരശ്ര അടിക്ക് 15 രൂപക്കാണ് വർക്ക് എടുക്കുന്നത്.