എക്സിറ്റ് പെര്‍മിറ്റ് പ്രാബല്യത്തില്‍: ആദ്യ ദിനം വലിയ തടസ്സമില്ലാതെ കുവൈത്ത് വിമാനത്താവളത്തിലെ നടപടികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് പ്രാബല്യത്തില്‍. ജൂലൈ ഒന്ന് മുതലാണ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. പെര്‍മിറ്റ് നടപ്പാക്കിയ ആദ്യ ദിവസം വലിയ തടസ്സമില്ലാതെ കുവൈത്ത് വിമാനത്താവളത്തിലെ നടപടികള്‍ നടന്നതായാണ് വാര്‍ത്തകള്‍.Airport
ആര്‍ട്ടിക്കിള്‍ 18 പ്രകാരമാണ് സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കിയത്. ആദ്യ ദിവസം യാത്രക്കാര്‍ വലിയ തടസ്സങ്ങളില്ലാതെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പാസ്പോര്‍ട്ട് നിയന്ത്രണത്തിലുള്ളവര്‍, പുതിയ നടപടിക്രമങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്തതായും കാലതാമസവും സങ്കീര്‍ണതയും ഉണ്ടാകുമോയെന്ന ആശങ്കകള്‍ ലഘൂകരിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. നടപടികള്‍ വേഗത്തിലായതില്‍ യാത്രക്കാര്‍ സംതൃപ്തി പ്രകടിപ്പിച്ചതായും പറഞ്ഞു.
പെര്‍മിറ്റ് നടപടികള്‍ക്കായി പാസ്പോര്‍ട്ട് സുരക്ഷാ വകുപ്പ് വിപുല തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പുതിയ ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിയാത്ത കേസുകള്‍ ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലൂടെ നിരവധി യാത്രക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മിക്ക കേസുകളിലും, ഇലക്ട്രോണിക് എക്‌സിറ്റ് പെര്‍മിറ്റ് പരിശോധിച്ചതിന് ശേഷം പാസ്പോര്‍ട്ട് സ്റ്റാമ്പിംഗിന് ഒരു മിനിറ്റില്‍ താഴെ സമയം മാത്രമാണെടുത്തത്. യാത്രാ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പെട്ടെന്ന് തന്നെ സ്ഥിരീകരിച്ചു.
തങ്ങളുടെ എക്സിറ്റ് പെര്‍മിറ്റ് പ്രിന്റ് ഔട്ട് കൊണ്ടുവന്നെങ്കിലും, ഡാറ്റ ഇതിനകം തന്നെ ഇലക്ട്രോണിക് സിസ്റ്റത്തിലുണ്ടായിരുന്നതിനാല്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അവ ആവശ്യപ്പെട്ടില്ലെന്ന് നിരവധി യാത്രക്കാര്‍ പറഞ്ഞു.
എല്ലാം ഡിജിറ്റല്‍
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും (പിഎഎം) പോര്‍ട്ട്‌സ് അഡ്മിനിസ്‌ട്രേഷനും തമ്മില്‍ ഇലക്ട്രോണിക് ലിങ്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രൈവറ്റ് ഏവിയേഷന്‍ പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി കേണല്‍ യൂസഫ് അല്‍ ഹവ്ലാന്‍ അറിയിച്ചു. ഈ ഡിജിറ്റല്‍ കണക്ഷന്‍ സിസ്റ്റത്തില്‍ പെര്‍മിറ്റുകള്‍ കാണാന്‍ സൗകര്യമൊരുക്കും. അതിനാല്‍ പേപ്പര്‍വര്‍ക്കുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഏന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ അടിയന്തര ടാസ്‌ക് ഫോഴ്സും സജ്ജമാണ്. നിരവധി പ്രവാസികള്‍ ഇപ്പോഴും പ്രിന്റ് ചെയ്ത ഫോമുകളുമായി പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ എത്തുന്നുണ്ടെങ്കിലും സിസ്റ്റത്തില്‍ നല്‍കിയ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പെര്‍മിറ്റ് സ്ഥിരീകരിക്കുന്നതെന്ന് അല്‍ഹവ്ലാന്‍ വ്യക്തമാക്കി. സിസ്റ്റത്തില്‍ പെര്‍മിറ്റ് കാണാത്ത സന്ദര്‍ഭങ്ങളില്‍, അപേക്ഷകന്റെ ഫോണിലെ ബാര്‍കോഡ് സ്ഥിരീകരണത്തിനായി സ്‌കാന്‍ ചെയ്യുമെന്നും പറഞ്ഞു.
തൊഴിലുടമയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ എക്‌സിറ്റ് പെര്‍മിറ്റ് പ്രക്രിയയ്ക്ക് മിനിറ്റുകള്‍ മാത്രമേ എടുക്കൂവെന്നും പെര്‍മിറ്റ് ഏഴ് ദിവസത്തേക്ക് സാധുതയുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നടപ്പാക്കിയ ആദ്യ ദിവസം, ഏകദേശം 20,000 യാത്രക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. അവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളായിരുന്നുവെന്നും പറഞ്ഞു. പുതിയ നിയമം ആര്‍ട്ടിക്കിള്‍ 20 പ്രകാരം ആശ്രിതരെയും (ഫാമിലി റെസിഡന്‍സിയിലുള്ള ഭാര്യമാരെയും കുട്ടികളെയും) ഗാര്‍ഹിക തൊഴിലാളികളെയും ഒഴിവാക്കുന്നുണ്ട്.
വിമാനത്താവള ഏകോപനവും യാത്രക്കാരുടെ പിന്തുണയും
കാലതാമസവും തിരക്കും ഒഴിവാക്കാന്‍, സാധുവായ എക്‌സിറ്റ് പെര്‍മിറ്റ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ മാത്രമേ ബോര്‍ഡിംഗ് പാസുകള്‍ നല്‍കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ലൈനുകളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലെ അവസാന നിമിഷ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വിമാനങ്ങളോ ടിക്കറ്റുകളോ നഷ്ടപ്പെടുന്നതില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുമാണ് ഈ നീക്കം. ചില പ്രവാസികള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിചയമില്ലാത്തവര്‍, പുതിയ സംവിധാനം ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അല്‍ഹാവ്ലാന്‍ സമ്മതിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍, സഹ്ല്‍ അല്ലെങ്കില്‍ അഷാല്‍ അപേക്ഷകള്‍ വഴി തൊഴിലുടമയ്ക്ക് പെര്‍മിറ്റ് നല്‍കാന്‍ കഴിയും. യാത്രക്കാര്‍ക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാം, അവിടെ അവരുടെ ഡാറ്റ ഇതിനകം സിസ്റ്റത്തിലുണ്ടാകും.
എക്‌സിറ്റ് പെര്‍മിറ്റ് വിതരണം
പുതിയ സംവിധാനം പ്രവാസികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇതുവരെ 35,000 എക്‌സിറ്റ് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 12 നും 29 നും ഇടയില്‍ 22,000 അപേക്ഷകള്‍ ലഭിച്ചു. ജൂണ്‍ 30 ന് മാത്രം 13,000 അപേക്ഷകള്‍ ലഭിച്ചു. സിസ്റ്റവുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ, അത് പരിഹരിക്കുകയും ചെയ്തു.