ഘാട്‌കോപ്പറിൽ വീണ പരസ്യബോർഡ് അംഗീകാരമില്ലാതെ സ്ഥാപിച്ചത്: മുനിസിപ്പൽ കോർപ്പറേഷൻ
മുംബൈ: ശക്തമായ മഴയിലും കാറ്റിലും മുംബൈയിൽ ഇന്നലെ മറിഞ്ഞു വീണ കൂറ്റൻ പരസ്യബോർഡ് അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ഏകദേശം 17,040 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബോർഡ് ഏറ്റവും വലിയ പരസ്യബോർഡിനുള്ള ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരുന്നു. Municipal Corporation
തങ്ങളുടെ അനുമതിയില്ലാതെയാണ് പരസ്യബോർഡ് നിർമ്മിച്ചതെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
സ്ഥലത്ത് നാല് പരസ്യബോർഡുകൾ ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം മുംബൈ റെയിൽവേ പൊലീസ് കമ്മീഷണർക്ക് വേണ്ടി എ.സി.പിയാണ് അംഗീകാരം നൽകിയത്. സ്ഥാപിക്കുന്നതിന് മുമ്പ് ഏജൻസിയും റെയിൽവേയും ബിഎംസിയുടെ അനുമതി വാങ്ങിയിരുന്നില്ല. പരമാവധി 40 ചതുരശ്ര അടിയുള്ള ബോർഡുകൾക്ക് മാത്രമാണ് അനുമതി നൽകുക. തകർന്നു വീണ പരസ്യബോർഡ് 120 ചതുരശ്ര അടി വലുപ്പമുള്ളതാണെന്നും ബി.എം.സി ചൂണ്ടിക്കാട്ടി.
അനുമതിയില്ലാത്ത ബോർഡുകൾ ഉടനടി നീക്കം ചെയ്യാൻ കോർപ്പറേഷൻ ഏജൻസിക്ക് നോട്ടീസ് അയച്ചു. പരസ്യബോർഡ് നിർമ്മിച്ച എം/എസ് ഈഗോ മീഡിയ എന്ന ഏജൻസിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മരണസംഖ്യ 14 ആയി. 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.