പെരുന്നാൾ തിരക്ക്; യാത്രക്കാർക്ക് വിവിധ നിർദേശങ്ങളുമായി ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Qatar

ദോഹ: പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് വിവിധ നിർദേശങ്ങളുമായി ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഓൺലൈൻ ചെക്ക് ഇൻ, സെൽഫ് സർവീസ് സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ജൂൺ 13 മുതൽ ഖത്തറിൽനിന്ന് പോകുന്നവരുടെയും 20 മുതൽ തിരിച്ചുവരുന്നവരുടെയും തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.Qatar

യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്നത് ചെക്ക് ഇൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും. ചെക്ക് ഇൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പെങ്കിലും എത്താൻ നിർദേശമുണ്ട്. ഖത്തർ എയർവേസ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്ക് ഇൻ, ബാഗ് ഡ്രോപ് എന്നിവക്ക് സെൽഫ് സർവിസ് സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേഗത്തിൽ ക്ലിയറൻസിന് ഇ-ഗേറ്റ് മെഷീൻ ഉപയോഗിക്കാം.

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക്ക് ഇൻ കൗണ്ടറും 20 മിനിറ്റ് മുമ്പ് ബോർഡിങ്ങും അടക്കും. ലഗേജുകൾ അനുവദിക്കപ്പെട്ട തൂക്കത്തിന്റെയും വലുപ്പത്തിന്റെയും പരിധിയിലാണെന്ന് നേരത്തേ ഉറപ്പുവരുത്തണം. അല്ലെങ്കിൽ ചെക്ക് ഇൻ നടപടികൾ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും. ആളുകളെ ഇറക്കാനും കൊണ്ടുപോകാനും ഷോർട്ട് ടേം കാർ പാർക്ക് ഉപയോഗിക്കാനും അനുയോജ്യമാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *