'സ്വന്തക്കാരായപ്പോൾ സ്‌നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി' -വി.ഡി. സതീശൻ
കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന സ്ഥലത്താണ് ഇതൊക്കെ നടക്കുന്നത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എഫ്.ഐ.ആര്‍ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ എടുക്കാന്‍ തയാറായില്ലെന്നും കെ.പി.സി.സി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്.ഐ.ആര്‍ ഇടുകയും ചെയ്തതായും വി.ഡി. സതീശൻ പറഞ്ഞു. ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സതീശൻ വിമർശിച്ചു.
‘അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. ധൈര്യത്തോടെ ഇത്തരം ഒരു വിഷയം പൊതുമണ്ഡലത്തില്‍ ഒരു ചര്‍ച്ചയ്ക്ക് കൊണ്ടു വന്നിരിക്കുകയാണ്. അപമാനിക്കപ്പെടുന്ന സ്ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്. അത് കേരളത്തില്‍ നടക്കാന്‍ പാടില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു’ -സതീശൻ പറഞ്ഞു.
നവംബര്‍ 24ന് കിട്ടിയ പരാതിയില്‍ ഡിസംബര്‍ എട്ട് വരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ എടുക്കാതിരുന്നു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും സ്വന്തക്കാര്‍ വന്നപ്പോള്‍ സ്‌നേഹം കൂടിയോ എന്നും മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.
