ഉമ തോമസ് പങ്കെടുത്ത പരിപാടിക്ക് സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെ; ഗുരുതര വീഴ്ചയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്

Fire Force report says stage built for event attended

കൊച്ചി: ഉമാ തോമസ് എംഎൽഎ പങ്കെടുത്ത പരിപാടിക്ക് സ്റ്റേജ് നിർമ്മിച്ചതിൽ സംഘാടകർക്ക് ഗുരുതര വീഴ്ചയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്. പരിപാടിക്ക് മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു. സംഘാടകർക്ക് നോട്ടീസ് അയക്കുമെന്നും പൊലീസ് റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പ്രതികരിച്ചു. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന രീതിയിൽ ഗ്യാലറി തുടരണമെന്ന് നിർദേശം നൽകിയിരുന്നുവെന്നും ജിസിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്. അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് എഫ്ഐആര്‍. സ്റ്റേജിനു മുന്നിൽ നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇട്ടില്ല.സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചില്ലെന്നും എഫ്ഐആർ റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനിൽ നിന്നാണ് എംഎൽഎ വീണത്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു.

പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് ഉമ. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ഉമ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വെന്‍റിലേറ്ററിലുള്ള ഉമയുടെ തലയിലെ രക്തസ്രാവം നിയന്ത്രണ വിധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *