തീപാറും പോരാട്ടം: ഫ്രാൻസിനെ വീഴ്ത്തി ഫുട്ബോൾ സ്വർണം സ്പെയിനിന്

തീപാറും പോരാട്ടം: ഫ്രാൻസിനെ വീഴ്ത്തി ഫുട്ബോൾ സ്വർണം സ്​പെയിനിന്, Firefight: Spain beat France to win football gold

പാരിസ്: മൈതാനത്തെ തീപിടിച്ച പോരാട്ടത്തിനൊടുവിൽ ഒളിമ്പിക്സ് ഫുട്ബോൾ സ്വർണമെഡലിൽ സ്പാനിഷ് മുത്തം. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരത്തിൽ അധിക സമയത്ത് നേടിയ പൊന്നും വിലയുള്ള ഗോളുകളിലായിരുന്നു സ്പെയിനിന്റെ സ്വർണനേട്ടം. 1992 ബാഴ്സലോണ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഒളിമ്പിക് സ്വർണം നേടുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ പൊരുതിക്കളിച്ച ഫ്രാൻസിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

സ്പാനിഷ് ഗോൾകീപ്പർ ടെനസിന്റെ പിഴവിലായിരുന്നു ഫ്രാൻസിന്റെ ആദ്യ ഗോൾ വന്നത്. സ്കോർ ചെയ്തത് മില്ലോട്ടായിരുന്നുവെങ്കിലും ടെനസിന്റെ വലിയ പിഴവാണ് ഗോളിലേക്ക് വഴിതുറന്ന്. എന്നാൽ മിനുറ്റുകൾക്ക് ശേഷം സ്പെയിനിന്റെ മറുപടി ഗോളെത്തി. ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ഫെർമിൻ ലോപ്പസായിരുന്നു സ്പാനിഷ് പടക്കായി സമനില പിടിച്ചത്.

അധികം വൈകാതെ സ്പെയിൻ രണ്ടാം ഗോളും നേടി. ആക്രമണത്തിനൊടുവിൽ ആബേൽ റൂയിസിന്റെ ഷോട്ടിൽ റീബൗണ്ടായി വന്ന പന്ത് ലോപ്പസ് വലയിലേക്ക് തൊടുക്കുകയായിരുന്നു. 28ാം മിനുറ്റിൽ ബയേനയുടെ ഉഗ്രൻ ഫ്രീകിക്ക് ഗോൾ കൂടി സ്വന്തം പോസ്റ്റിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ നോക്കി നിൽക്കാനേ ഫ്രഞ്ച് പടക്കായുള്ളൂ. 3-1ന് സ്പാനിഷ് പട മുന്നിലെത്തിയതോടെ മത്സരം ഏകപക്ഷീയമാകുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് ഫ്രഞ്ച് പട പൊരുതിക്കയറി.

ഇടവേളക്ക് ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്പാനിഷ് സംഘത്തെയാണ് മൈതാനം കണ്ടത്. ഫ്രഞ്ച് പട നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും ഗോൾകീപ്പറുടെ തകർപ്പൻ സേവുകളും സ്പെയിനിനെ രക്ഷിച്ചുനിർത്തി.

ഒടുവിൽ മത്സരത്തിന്റെ 78ാം മിനുറ്റിൽ മൈക്കൽ ഒലിസെ ബോക്സിന് വെളിയിൽ നിന്നും തൊടുന്ന ഫൗൾ കിക്ക് അക്ലൗഷെയുടെ കാലിൽ തട്ടി സ്പാനിഷ് വലയിലേക്ക്. ഫ്രാൻസ് രണ്ടാം ഗോൾ നേടിയതോടെ ഗ്യാലറി ഉണർന്നു. ഒടുവിൽ നിശ്ചിത സമയം അവസാനിക്കാനിരിക്കെയാണ് ഫ്രാൻസ് കാത്തിരുന്ന നിമിഷമെത്തിയത്. കോർണർ കിക്കിനിടെ ഫ്രഞ്ച് താരം കലിമുആൻഡോയെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനൽറ്റി മറ്റേറ്റ വലയിലെത്തിച്ചതോടെ സ്കോർ 3-3.

അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 100ാം മിനുറ്റിൽ കമല്ലോ പെരസിന്റെ ഇരട്ട ഗോളിൽ സ്പെയിൻ വിജയം ഉറപ്പിച്ചു. പോയ ഒളിമ്പിക്സ് ഫൈനലിൽ അധിക സമയത്ത് ബ്രസീലിനോട് തോറ്റ സ്പാനിഷ് സംഘത്തിന് ഇക്കുറി അധിക സമയത്തെ ഗോളിൽ സ്വർണം നേടിയത് അതിമധുരമായി.

Leave a Reply

Your email address will not be published. Required fields are marked *