ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്. ഹസീനയ്ക്കുള്ള ശിക്ഷ വിധിച്ചത് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതൽ ശിക്ഷ പ്രാബല്യത്തിൽ വരുമെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.Sheikh Hasina
ഹസീനയ്‌ക്കൊപ്പം ഷക്കീൽ അകന്ദ് ബുൾബുളിനെയും കോടതിയലക്ഷ്യ വിധി പ്രകാരം രണ്ട് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഷക്കീൽ അകന്ദ് ബുൾബുളുമായി ഹസീന നടത്തിയതായി പറയപ്പെടുന്ന ഫോൺ കോളിന്റെ ചോർച്ചയെ കേന്ദ്രീകരിച്ചാണ് കോടതിയലക്ഷ്യ കേസ് എന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ‘തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അതിനാൽ 227 പേരെ കൊല്ലാനുള്ള ലൈസൻസ് തനിക്ക് ലഭിച്ചു’ എന്ന് ഹസീന പറഞ്ഞുവെന്നാണ് കേസിലുള്ളത്.
ബഹുജന പ്രക്ഷോഭത്തെതുടർന്ന് പുറത്താക്കപ്പെട്ട അവാമി ലീഗ് മേധാവിയായ ഹസീനയെ നാടുവിട്ട ശേഷം ഇതാദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കുന്നത്. പദവികൾരാജിവെച്ച് ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് കടന്നത്.
ഹസീനക്കെതിരായ എല്ലാ നടപടികളും ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യാൻ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിടിവിക്കാണ് (ബംഗ്ലാദേശ് ടിവി) സംപ്രേഷണാവകാശം.
ഷെയ്ഖ് ഹസീനക്കും മുൻ സൈനിക ജനറൽമാർക്കും ഒരു മുൻ പൊലീസ് മേധാവിക്കും ഉൾപ്പെടെ അവാമി ലീഗിലെ അംഗങ്ങൾക്കെതിരെ നിർബന്ധിത തിരോധാനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഐസിടി അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു.
2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ ഒരു സമ്പൂർണ്ണ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ട ഹസീനയ്‌ക്കെതിരായ നടപടികൾ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് നിരവധി നേതാക്കളെ ജയിലിലടച്ചു. ഈ മാസം ആദ്യം കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സഹായിക്കും ഐസിടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.