അന്വേഷണത്തിന് നാല് വനിതാ IPS ഉദ്യോഗസ്ഥർ, മേഖല തിരിച്ച് ചുമതല

IPS

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്താനും അതിന് പട്ടിക തയ്യാറാക്കാനും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. വിവിധ സ്റ്റേഷനുകളിലായി സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിന് കൈമാറണം. എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഏഴംഗ അന്വേഷണ സംഘത്തിലുള്ള നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുക.IPS

ഉത്തര കേരളത്തിലെയും മധ്യ കേരളത്തിലെയും പരാതികൾ അന്വേഷിക്കുക ജി പൂങ്കുഴലിയും ഐശ്വര്യ ഡോങ്ക്റെയുമായിരിക്കും. തെക്കൻ കേരളത്തിലെ ചുമതല അജീത ബീഗത്തിനും മെറിൻ ജോസഫിനും നൽകി. ഇവർക്ക് ആവശ്യമുള്ള വനിതാ അംഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ഇതിനിടെ സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനമായി. നേരിട്ട് വന്നില്ലെങ്കിൽ വീഡിയോ കോൾ വഴി ആദ്യം വിശദമൊഴി രേഖപ്പെടുത്തും. അതിന് ശേഷം മജിസ്ട്രേറ്റിന് അപേക്ഷ നൽകും. കോടതി വഴി ബംഗാളിൽ വെച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് ആലോചന. നടനും എം.എൽ.എയുമായ മുകേഷ് അടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയുടെ മൊഴി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി രേഖപ്പെടുത്താനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *