നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം

complaint

കേഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തതില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം. ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയെന്നും കുട്ടിയുടെ ബന്ധു ഫൈസല്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നാല് വയസ്സുകാരിക്ക് ആണ് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത്.complaint

കൈയിലെ ആറാം വിരല്‍ നീക്കാനാണ് കുട്ടി മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറങ്ങിയപ്പോള്‍ കൈയില്‍ ശസ്ത്രക്രിയയയുടെ അടയാളമൊന്നും ഉണ്ടായിരുന്നില്ല. വായില്‍ ശസ്ത്രക്രിയ നടത്തിയ രീതിയിലാണ് നാവിനടിയില്‍ പഞ്ഞിവച്ച നിലയില്‍ കുഞ്ഞ് പുറത്തേക്ക് വന്നത്.

ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായില്‍ നടത്തിയല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ വായിലല്ല, കൈയിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. എന്നാല്‍ നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി. ഇത് സംബന്ധിച്ച് രോഗിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താനായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

READ ALSO:ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ ഗുരുതര ചികിത്സാ പിഴവ്

വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാന്‍ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറയുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരവീഴ്ചയാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിഷയത്തില്‍ മെഡി. കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *