എംബാപ്പെ മുതല്‍ അസെന്‍സിയോ വരെ; സിറ്റിയെ പറപ്പിച്ച പുതിയ കഥയിലെ ഹീറോകള്‍
ബെർണബ്യൂവിൽ രണ്ടാം ഗോളിലേക്ക് നിറയൊഴിച്ച് കോർണർ ഫ്ലാഗിനടുത്തേക്ക് ഓടുമ്പോൾ നിരായുധനായി വീണുകിടക്കുന്ന ജോസ്കോ ഗ്വാർഡിയോളിനെ നോക്കി എംബാപ്പെ നടത്തിയ സെലിബ്രേഷനിൽ എല്ലാമുണ്ടായിരുന്നു. അതൊരൽപ്പം ഓവറായിപ്പോയോ? ഒട്ടും ഓവറായിട്ടില്ലെന്നാണ് റയൽ ആരാധകരുടെ പക്ഷം. കിട്ടിയതിന്റെയൊക്കെ മുതലും പലിശയും ചേർത്ത് തിരിച്ചു നൽകുമ്പോൾ ഒരൽപ്പം ഓവറായിപ്പോയില്ലെങ്കിലേയുള്ളൂ.Mbappe
കളിക്ക് ശേഷം പൊട്ടിക്കരയുന്നൊരു ഇമോജി പങ്കുവച്ച് വിനീഷ്യസ് ജൂനിയർ എക്സിൽ ഇങ്ങനെ കുറിച്ചു. ‘ഓകേ.. ഓകേ ആൻഡ് ഓകേ’. ഇത്തിഹാദ് ഗാലറിയിൽ ഉയർന്ന ആ ഭീമൻ ബാനർ സിറ്റി ആരാധകരെ ദീർഘകാലം ഇനി വേട്ടയാടിക്കൊണ്ടേയിരിക്കും എന്ന് തീര്‍ച്ച.
സാന്റിയാഗോ ബെർണബ്യൂ പെപ് ഗാർഡിയോളക്ക് എക്കാലവും ഒരു പേക്കിനാവാണ്. ഫുൾ ടൈം വിസിൽ മുഴങ്ങിയിട്ടല്ലാതെ ബെർണബ്യൂവിൽ ആഘോഷം തുടങ്ങരുതെന്ന പാഠം അയാൾ പഠിച്ചത് ബെർണബ്യൂവിൽ നിന്നാവണം. കമന്ററി ബോക്സിൽ നിന്ന് പീറ്റർ ഡ്രൂറിയുടെ ശബ്ദമിപ്പോൾ റയൽ ആരാധകരുടെ കാതിൽ ഇടമുറിയാതെ അലയടിക്കുന്നുണ്ടാവും. ‘ ദ നൈറ്റ് ഓഫ് ദ റിയൽ റിസറെക്ഷൻ’. ചാമ്പ്യൻസ് ലീഗിലെ അത്ഭുത രാത്രികളിലൊന്നിൽ 90 മിനിറ്റ് വരെ സിറ്റിക്കനുകൂലമായി ഒഴുകിക്കൊണ്ടിരുന്ന കളിയെ പൊടുന്നനെ തിരിച്ച ആഞ്ചലോട്ടി ആ കഥ പിന്നെ അവസാനിപ്പിച്ചത് കലാശപ്പോരിലും കിരീടത്തിലും ചെന്നായിരുന്നല്ലോ.
‘തിയേറ്റർ ഓഫ് ഡ്രീംസ്’ സർ ബോബി ചാർട്ടൺ ഓൾഡ് ട്രാഫോഡിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. പക്ഷെ സമകാലിക ഫുട്ബോളില്‍ സ്വപ്നങ്ങളുടെ തിയേറ്റർ അത് ബെർണബ്യൂവാണ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് രാവുകളിൽ. റെമോൻടാഡകൾ എക്കാലവും മൈതാനങ്ങളെ ത്രസിപ്പിച്ച് കൊണ്ടേയിരുന്നു. സാന്റിയാഗോ ബെർണബ്യൂ റെമോൻടാഡകളുടെ അരങ്ങായി ഫുട്ബോൾ ലോകത്തേയും.
ഇത്തിഹാദിൽ അവസാനിപ്പിച്ചേടത്ത് നിന്ന് തുടങ്ങുകയായിരുന്നു റയൽ. വെറും നാല് മിനിറ്റ് പിന്നിടും മുമ്പേ എഡേഴ്സന്റെ വലകുലുങ്ങി. സിറ്റി ഡിഫൻസിലെ വിടവുകളെ മുഴുവൻ ആ നീക്കം വലിച്ച് പുറത്തിട്ടു. റൗൾ അസെൻസിയോ. റയൽ മാഡ്രിഡ് ആരാധകർക്ക് ആ പേരിപ്പോൾ വലിയൊരു പ്രതീക്ഷയാണ്. ആരാലുമറിയാതെ സൈഡ് ബെഞ്ചിലൊതുങ്ങുമായിരുന്ന ഒരു പ്രതിഭയെ പുറം ലോകമറിയാൻ കുറേ പരിക്കുകൾ വേണ്ടി വന്നു.
കളി മൂന്ന് മിനിറ്റും 32 സെക്കന്റും പിന്നിടുന്നേ ഉണ്ടായിരുന്നേയുള്ളൂ. കിലിയൻ എംബാപ്പെ ഇപ്പോൾ മധ്യവരക്ക് തൊട്ടടുത്താണ്. രണ്ട് ഡിഫന്റർമാർക്കിടയിലൂടെ അയാളൊരു കുതിപ്പിനൊരുങ്ങി നിന്നു. പൊടുന്നനെ അസെൻസിയോയുടെ ലോങ് ബോളെത്തി. പിന്നെയൊരു വേഗപ്പാച്ചിൽ. എംബാപ്പെയെ പിടിക്കാൻ പിറകേയൊടിയ റൂബൻ ഡിയാസ് ഗോൾമുഖത്ത് നില തെറ്റി വീണു. എഡേഴ്സണ് മുകളിലൂടെ എംബാപ്പെ പന്തിനെ കോരിയെടുത്തു വലയിലിട്ടു.
33ാം മിനിറ്റിലാണ് ബെർണബ്യൂ ആ ഹുമിലേഷന് സാക്ഷിയായത്. വലതുവിങ്ങിലൂടെ പന്തുമായി ഗോൾമുഖത്തേക്ക് കുതിക്കുന്ന വിനീഷ്യസ്. ഗോൾമുഖത്തേക്ക് ഒറ്റക്കോടിയെത്തിയ റോഡ്രിഗോക്ക് പന്ത് നീട്ടുന്നു. കുസനോവിനെ കബളിപ്പിച്ചയാൾ എംബാപ്പെക്ക് പന്ത് മറിക്കുന്നു. ജോസ്കോ ഗോർഡിയോളപ്പോൾ ഗാർഡെടുത്ത് ഗോൾ പോസ്റ്റിന് മുന്നിൽ നിൽപ്പുണ്ട്്. എന്നാൽ ഗ്വാർഡിയോളിനെ സമർഥമായി വെട്ടിയൊഴിഞ്ഞ എംബാപ്പെ പന്തിനെ ഒരു വലങ്കാലനടിയിൽ വലയിലേക്ക് അടിച്ച് കയറ്റി. പിന്നെ ഗാർഡിയോളിനെ ഇല്ലാതാക്കിക്കളഞ്ഞ ആ സെലിബ്രേഷൻ.
61ാം മിനിറ്റിൽ എംബാപ്പെ തന്റെ ഹാട്രിക്ക് പൂർത്തിയാക്കുമ്പോഴും ഗാർഡിയോൾ ബോക്സിനകത്തുണ്ട്. വാൽവർഡേയുടെ പാസ് പിടിച്ചെടുത്ത് ഇടതുവിങ്ങിലൂടെ പോസ്റ്റിലേക്ക് ഓടിക്കയറിയ എംബാപ്പെ അഞ്ച് ഡിഫന്റർമാരെ നോക്കുകുത്തികളാക്കി നിർത്തിയാണ് വലയിലേക്ക് നിറയൊഴിച്ചത്. ലോസ് ബ്ലാങ്കോസ് ജേഴ്സിയിൽ എംബാപ്പെയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക്.
എംബാപ്പെയുടെ വരവിന് ശേഷം റയൽ ആരാധകർ ഇത് പോലൊരു രാത്രിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ഗലാറ്റിക്കോ റെവല്യൂഷൻ ബെർണബ്യൂവിൽ തുടരുമെന്ന ഫ്ലോറന്റീനോ പെരസിന്റെ പ്രഖ്യാപനം. എംബാപ്പെയുടെ ഗോളുകൾ ഇന്നലെ അയാളേക്കാൾ ആവേശത്തിൽ ആഘോഷിച്ചത് വിനീഷ്യസ് ജൂനിയറാണ്. പ്രത്യേകിച്ച് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാവുമ്പോൾ വിനീഷ്യസ് അങ്ങനെ ആഘോഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ന്യൂകാസിലിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതിന്റെ ഊർജവുമായി ബെർണബ്യൂവിലെത്തിയ സിറ്റി പക്ഷെ ആഞ്ചലോട്ടിക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചക്കാണ് ബെർണബ്യൂ സാക്ഷിയായത്. പരിക്കു സൃഷ്ടിച്ച പരുക്കൻ കാലങ്ങളെ മറികടക്കാൻ ഒമർ മർമോഷും നിക്കോ ഗോൺസാലസും അബ്ദുൽ ഖാദിർ കുസനോവുമടക്കം ട്രാൻസ്ഫർ വിന്റോയിൽ കോടികൾ വാരിയെറിഞ്ഞ് പെപ്പ് തട്ടകത്തിലെത്തിച്ച പടക്കുതിരകളൊക്കെ ഇന്നലെ റയലിനെതിരെ കളത്തിലുണ്ടായിരുന്നു. പക്ഷെ അവർക്കൊന്നും അനിവാര്യമായ ആ ദുരന്തത്തിൽ നിന്ന് പെപ്പിനെ രക്ഷിക്കാനായില്ല.
‘കഴിഞ്ഞ തവണ റയലിനോട് പരാജയപ്പെടുമ്പോൾ ഏറെ വേദനയുണ്ടായിരുന്നു. കാരണം ഞങ്ങൾ ജയിക്കുമെന്ന് പലവുരു തോന്നിച്ച മത്സരമാണ് ഷൂട്ടൗട്ടിൽ നഷ്ടമായത്. പക്ഷെ ഇക്കുറി അങ്ങനെയല്ല കാര്യങ്ങൾ. റയൽ തന്നെയായിരുന്നു മികച്ചവർ. അവർ തന്നെയായിരുന്നു ജയിക്കാനുമർഹർ.’ പെപ് ഗാർഡിയോള മത്സരത്തിന് ശേഷം പറഞ്ഞു വച്ചതിങ്ങനെയാണ്. ഇത്തിഹാദ് ഗാലറിയിലിരുന്നു വിനീഷ്യസ് ജൂനിയറിനെതിരെ കൂവിയാർത്ത സിറ്റി ആരാധകരുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കറങ്ങി നടപ്പുണ്ട്. ഇന്നലെ ബെർണബ്യൂ ഗാലറിയിൽ നിന്ന് പെപ്പിനെ മോക്ക് ചെയ്തായിരുന്നു ചാന്റുകൾ പലതും. ‘പെപ് ഗാർഡിയോള സ്റ്റേ’ എന്ന് കളിയവസാനിക്കാൻ നേരം ഇടക്കിടെ റയൽ ആരാധകർ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.
എംബാപ്പെ,അസെൻസിയോ, വാൽവർഡേ, റോഡ്രിഗോ ഗോസ്, വിനീഷ്യസ് ജൂനിയർ, ജൂഡ് അങ്ങനെയങ്ങനെ സിറ്റിയെ പറപ്പിച്ച റയലിന്റെ പുതിയ കഥയിൽ ഹീറോകളൊരുപാടുണ്ട്. ഇക്കൂട്ടത്തില്‍ അസെന്‍സിയോയുടെ പേര് ഒരല്പം ഉച്ചത്തിലാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ബെര്‍ണബ്യൂവില്‍ ഒമര്‍ മര്‍മോഷിന്റെ ഒരു മുന്നേറ്റത്തെ പിന്നില്‍ നിന്ന് പറന്നെത്തി പെനാല്‍ട്ടി ബോക്സില്‍ വച്ചൊരു പവര്‍ഫുള്‍ ടാക്കിളില്‍ അവസാനിപ്പിക്കുമ്പോള്‍ ഗാലറിയെ നോക്കി റുഡിഗറിനും വാല്വര്ഡേക്കുമൊപ്പം ഗോള്‍നേടിയത് പോലെ ആഘോഷിക്കുന്ന അസെന്‍സിയോയെ ക്യാമറകള്‍ ഒപ്പിയെടുത്തു. അണിയറില്‍ ഒരു ഹീറോയല്ല വില്ലനാണ് ഒരുങ്ങുന്നത്. യെസ്.. സെര്‍ജിയോ റാമോസ് 2.O ഇന്‍ ദ മേക്കിങ്.