അതിർത്തിയിൽ മഞ്ഞുരുക്കം; സംയുക്ത പട്രോളിങ് പുനരാരംഭിക്കും, സേനാപിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ

border

ന്യൂഡൽഹി: ഇന്ത്യയും ചൈനയും സേനാപിന്മാറ്റ ധാരണയിലേക്ക് എത്തുന്നു. അതിർത്തിയിൽ സംയുക്ത പട്രോളിങ് പുനരാരംഭിക്കാൻ തീരുമാനമായി. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്.border

ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് ഇതു നൽകുന്നത്. 2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്നായിരുന്ന ഇരുസൈന്യവും പട്രോളിങ് നിർത്തിവച്ചത്. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. 20ഓളം ഇന്ത്യൻ ജവാന്മാർ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ(എൽഎസി) ആണ് സംയുക്ത പട്രോളിങ് നടത്താൻ ധാരണയായിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര വൃത്തങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *