ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കില്ല; മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിശദീകരിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ വിവാദങ്ങളിൽ വഴിത്തിരിവ്. ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞെന്നും ഇനി പരാതിക്കും വിവാദങ്ങൾക്കുമില്ലെന്നും വ്യക്തമാക്കി ഭാര്യ രംഗത്തെത്തി.
‘പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രതിസന്ധിയാകു’മെന്നും തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഗണേഷ് കുമാറിനെ വിളിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അനുനയ നീക്കങ്ങളും ‘ഒത്തുതീർപ്പും’. പ്രശ്നം പരിഹരിച്ചശേഷമാണ് ഗണേഷ് കുമാർ ചൊവ്വാഴ്ച മന്ത്രിസഭ യോഗത്തിനെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായത് കുടുംബപ്രശ്‌നമാണെന്നും ഭാര്യയുമായി സംസാരിച്ച് അത് പരിഹരിച്ചെന്നുമായിരുന്നു വിശദീകരണം. ഇതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജി വേണ്ടതില്ലെന്ന നിലപാടിലേക്കും കാര്യങ്ങളെത്തി.
തിങ്കളാഴ്ച രാത്രിയോടെ ബിന്ദു മേനോന്‍റെ സഹോദരിയെ വിളിച്ച ഗണേഷ് കുമാർ, താൻ ഭാര്യയോട് മാപ്പുപറയാൻ തയാറാണെന്ന് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ബിന്ദു മേനോനെ വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. ഇതാണ് മഞ്ഞുരുക്കത്തിന് വഴിയൊരുക്കിയത്. ഇതോടെ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയെന്നും അവർ വ്യക്തമാക്കി. അതേസമയം, മന്ത്രി രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
ചിലർ തന്‍റെ ചോരക്ക് കാത്തിരിക്കുന്നു -ഗണേഷ്
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി മെഡിക്കൽ സെന്‍റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിക്ക് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ഗണേഷ് ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് സ്ഥാപനത്തെ നശിപ്പിക്കാനാണ്. കെ.എസ്.ആർ.ടി.സിക്ക് സ്ഥിരം സി.എം.ഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. താൻ മന്ത്രിസ്ഥാനം വിട്ടുപോയാലും കെ.എസ്.ആർ.ടി.സിയെ മുന്നോട്ടു കൊണ്ടുപോകണം. ജീവനക്കാരുടെ ഡി.എകാര്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിക്കും സ്റ്റാഫിനും പൊലീസുകാർക്കുമെതിരെ പരാതി
തിരുവനന്തപുരം: പരസ്യമായി പരാതിയുണ്ടായ സാഹചര്യത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കും ബിന്ദുമേനോന് സുരക്ഷ ഒരുക്കാതെ മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി ഡിജിപിക്ക് പരാതി നൽകി. ‘‘മാപ്പ് പറഞ്ഞാൽ തീരുന്നതാണോ സ്ത്രീ പീഡനക്കേസ്?. ഇ-മെയിലിൽ പരാതി വാങ്ങി അറസ്റ്റും പരാതിക്കാരിയെ വിളിച്ചുവരുത്തി അവരുടെ ആവശ്യപ്രകാരം സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ട പിണറായി വിജയൻ, തന്റെ മന്ത്രിസഭയിലും ഓഫിസിലും സ്ത്രീപീഡകരെയും പ്രണയ തൊഴിലാളികളെയും കുടിയിരുത്തി. മന്ത്രിയെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കേണ്ട മുഖ്യമന്ത്രി പരാതി പൂഴ്ത്തുകയായിരുന്നു. ബിന്ദു മേനോൻ മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് പറഞ്ഞ പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു.
