ഗസ്സ വംശഹത്യ; റമദാനിൽ വൻ തിരിച്ചടി ഭയന്ന് ഇസ്രായേൽ ഈത്തപ്പഴ വ്യാപാരികൾ

kerala, Malayalam news, the Journal,

 

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നൽകുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ. ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ വിപണിയിൽ ഇസ്രായേലി ഈത്തപ്പഴം വിൽക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതായി ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മിഡിൽഈസ്റ്റ് ഐയും ഈ റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്.

ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ രക്തച്ചൊരിച്ചിലിനെത്തുടർന്ന് മുസ്‌ലിം സമുദായത്തിനിടയിൽ ഇസ്രായേൽ ഉൽപന്നങ്ങൾക്കെതിരെയുള്ള ബഹിഷ്‌കരണം ശക്തമാണ്. ഇസ്രായേലി മെഡ്ജൂൾ ഈത്തപ്പഴത്തിനായുള്ള 550,000 ഡോളറിന്റെ പരസ്യ കാമ്പയിൻ ബഹിഷ്‌കരണ ഭയം മൂലം ഉപേക്ഷിച്ചതായാണ് ഇസ്രായേലി മാധ്യമമായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.

‘മെയ്ഡ് ഇൻ ഇസ്രായേൽ’ എന്ന ഷെൽഫിന് അടുത്തെത്തുന്ന ആരും രണ്ടുതവണ ചിന്തിക്കു’മെന്നാണ് ഒരു ഈത്തപ്പഴ വ്യവസായി ഹാരെറ്റ്‌സിനോട് പറഞ്ഞത്. ‘ഈത്തപ്പഴത്തിന്റെ വലിയൊരു ഭാഗം റമദാനിലാണ് വിറ്റഴിക്കപ്പെടാറുള്ളത്. അവർക്ക് [മുസ്‌ലിം സമുദായങ്ങൾക്ക്] മറ്റാരിൽ നിന്ന് വാങ്ങാൻ കഴിയുമോ അവിടെയെല്ലാം അവർ ഞങ്ങളെ ശിക്ഷിക്കാൻ ശ്രമിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേൽ കമ്പനികൾക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായി ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻസ്-ബിഡിഎസ്) പ്രസ്ഥാനം സജീവമായി നടക്കുന്നുണ്ട്. റമദാനിലെ ഇസ്ലാമിക ആചാരങ്ങളിൽ ഈത്തപ്പഴത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പല മുസ്‌ലിംകളും തങ്ങൾ ഉപയോഗിക്കുന്നവ നല്ലയിടങ്ങളിൽ നിന്നുള്ളവയാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കും.

ഇസ്രായേലി ഈത്തപ്പഴം വാങ്ങുന്നത് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് അവ തിരിച്ചറിയാനുമായി ഇസ്രായേലി ഉത്പന്ന ബഹിഷ്‌കരണ സംഘങ്ങൾ കൂട്ടായ ശ്രമം നടത്തി വരികയാണ്. ‘യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിൽ കയറി ഞങ്ങളുടെ ബ്രാൻഡിലുള്ള ഈത്തപ്പഴങ്ങൾക്ക് മേൽ വംശഹത്യയ്ക്ക് സംഭാവന ചെയ്യുന്നുവെന്ന് സ്റ്റിക്കറുകൾ ഒട്ടിക്കുന്ന സംഘടനകളുണ്ട്’ ഒരു ഇസ്രായേലി ഈത്തപ്പഴ നിർമാതാവ് ഹാരെറ്റ്‌സിനോട് പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ, പ്രത്യേകിച്ചും ജനപ്രിയമായ മെഡ്ജൂൾ ഈത്തപ്പഴം.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റുകളിൽ ഇസ്രായേലി കുടിയേറ്റക്കാരാണ് ഇസ്രായേലി മെഡ്ജൂൾ ഈത്തപ്പഴങ്ങളിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നതെന്നാണ് ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ പറയുന്നത്. ഈത്തപ്പഴം വാങ്ങുന്നതിന് മുമ്പ് ലേബലുകൾ പരിശോധിക്കണമെന്ന് ഇസ്രായേലി അധിനിവേശ വിരുദ്ധ കാമ്പയിനർമാർ ആളുകൾക്ക് പതിവായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം ബഹിഷ്‌കരണം ഇസ്രയേലിന് നൽകുന്ന സാമ്പത്തിക ആഘാതം വളരെ വലുതായിരിക്കും. കാരണം മെഡ്ജൂൾ ഈത്തപ്പഴ വിപണിയിൽ 50 ശതമാനവും നൽകുന്നത് ഇസ്രായേലാണ്. 2022ൽ മാത്രം ഇസ്രായേലിൽ നിന്ന് 338 മില്യൺ ഡോളറിന്റെ ഈത്തപ്പഴ കയറ്റുമതിയാണ് നടത്തിയതെന്നാണ് ഇസ്രായേലി കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ വർഷം മറ്റെല്ലാ പഴങ്ങളുമായി 432 മില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നതെന്നും അധികൃതർ പറയുന്നു.

ബഹിഷ്‌കരണ പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്രായേലി നിർമാതാക്കൾ തങ്ങളുടെ ഈത്തപ്പഴത്തിന്റെ ലേബലുകൾ മാറ്റാൻ ശ്രമിക്കുന്നതായും ഇവ വാങ്ങുന്ന ചിലരുമായി ചേർന്നാണ് നീക്കമെന്നും ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

 

കഴിഞ്ഞ വർഷം ഒക്ടോബറിൽ തുർക്കിയിലേക്കുള്ള ഇസ്രായേൽ ഈത്തപ്പഴ കയറ്റുമതി 50 ശതമാനം ഇടിഞ്ഞിരുന്നു. നിലവിൽ ലോകത്തെ ആകെ ഈത്തപ്പഴ കയറ്റുമതിയുടെ 10 ശതമാനവും ഇസ്രായേലിൽ നിന്നുള്ളതാണ്. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ അഞ്ച് മാസത്തിനുള്ളിൽ ഏകദേശം 30,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 69,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *