ഫോണും ഇമെയിലും സർക്കാർ ചോർത്തുന്നു; പരാതിയുമായി പ്രതിപക്ഷ നേതാക്കൾ
ഡൽഹി: ഫോണും ഇമെയിലും സർക്കാർ ചോർത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മഹുവ മോയിത്ര , ശശി തരുർ, സുപ്രിയ ശ്രീനേതു, പവൻ ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്. വിവരങ്ങൾ ചോർത്തുന്നതായുള്ള സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചുവെന്ന് നേതാക്കൾ പറഞ്ഞു. സിദ്ധാർഥ് വരദരാജൻ, ശ്രീറാം കർറി എന്നീ മാധ്യമ പ്രവർത്തകരുടെ ഫോണുകളും ചോർത്താൻശ്രമം നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മുന്നുപേരുടെ ഫോൺ കോളുകളും ചോർത്തുന്നതായിട്ടുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മഹുവ മോയ്ത്രയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലുടെ അറിയിച്ചത്. സർക്കാറിന്റെ ഭയം കണ്ട് സഹതാപം തോന്നുവെന്ന് മഹുവ മോയ്ത്ര പ്രതികരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ ഫോണുകൾ ചോർത്തുന്നതായിട്ടുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്നലെ രാത്രി മുതൽ ആപ്പിൾ ഫോണുപയോഗിക്കുന്നവർക്ക് ആപ്പിളിന്റെ ഭാഗത്തു നിന്നും നിർദേശം ലഭിച്ചത്. കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെ തുടർച്ചയായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരമൊരു സമീപനം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഇതിൽ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.