നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി സംസ്ഥാനം അനുവദിച്ചത് ഒന്നേകാൽ കോടി രൂപ, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1 കോടി 25 ലക്ഷം രൂപ.മൂന്ന് ഉത്തരവുകളിലായാണ് പണം നൽകിയത്.
ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകൾക്കായി നൽകി.അറ്റ് ഹോമിനായി 20 ലക്ഷംരൂപയും അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോൺ, വൈദ്യുതി ചിലവുകൾക്കുമായി നൽകി ഉത്തരവിറക്കി.
അതെ സമയം പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ സർക്കാർ പോര് അതിന്‍റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോട് കൂടിയാണ് സമ്മേളനത്തിന്‍റെ തുടക്കം.ഗവർണർ 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തും.മുഖ്യമന്ത്രിയും സ്പീക്കറും, പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്.
പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിലെ ദൃശ്യങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല. മുഖ്യമന്ത്രിയോട് മുഖം തിരിച്ച ഗവർണറുടെ ഇന്നത്തെ നീക്കങ്ങള്‍ സർക്കാരും ഉറ്റ് നോക്കുന്നുണ്ട്. മുഖ്യമന്ത്രി ബൊക്കെ നല്‍കി സ്വീകരിക്കുമ്പോള്‍ ഗവർണറുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംഷ സർക്കാരിനുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഗവർണർ വായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.
പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവർണർ വിട്ട് കളഞ്ഞാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവനായി സഭാ രേഖയുടെ ഭാഗമാകും.നയപ്രഖ്യാപനം കഴിഞ്ഞ് 29 ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍രെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും.പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി.
എക്സാലോജികില്‍ തുടങ്ങി,നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയില് കത്തിപ്പടരും…കേന്ദ്രത്തിനെതിരായ സമരത്തില്‍ പ്രതിപക്ഷം വിട്ട് നില്ക്കുന്നതായിരിക്കും സർക്കാരിന്‍റെ പിടിവള്ളി.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം ഭരണപക്ഷത്തിനുള്ള ബോണസാണ്.
എന്തായാലും മാർച്ച് 27 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നണികളുടെ രാഷ്ട്രീയ പ്രചരണത്തിന്‍റെ തുടക്കമാകും..ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായത് കൊണ്ട് ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി.