ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി സർക്കാർ; വീട് വെച്ചു നല്‍കാനും തീരുമാനം

Govt hands over Rs 10 lakh to Joy's family;  It is also decided to give the house

 

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി സർക്കാർ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് നൽകിയത്. ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ നഗരസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

 

ഇതിനിടെ എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.

 

ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ രണ്ട് ദിവസം മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *