ഗ്രേഡ് 3 പരീക്ഷ: അസമിൽ മൂന്നര മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കും

Assam

ഗുവാഹത്തി: ഗ്രേഡ് 3 തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ നടക്കുന്നതിനാൽ അസമിൽ ഞായറാഴ്ച മൂന്നര മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാൻ ഉത്തരവിട്ട് സർക്കാർ. രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയാണ് ഇൻറർനെറ്റ് സേവനം നിലക്കുക. അതേസമയം, ഫോൺ കോളുകളും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും പ്രവർത്തനക്ഷമമായിരിക്കും. സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ പരീക്ഷാ നടത്തിപ്പിനും പൊതുസുരക്ഷയെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് നടപടിയെന്ന് അധികൃതർ ഉത്തരവിൽ വ്യക്തമാക്കി.Assam

2305 സെന്ററുകളിലായി 11,23,204 പേരാണ് പരീക്ഷ എഴുതുന്നത്. ഭൂമിശാസ്ത്രപരമായ സങ്കീർണതകളുള്ളതും മുമ്പ് പരീക്ഷകളിൽ ക്രമക്കേടുകളും നടന്ന 429 പരീക്ഷാ കേന്ദ്രങ്ങളെ അധികൃതർ ‘സെൻസിറ്റീവ്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അസം സ്റ്റേറ്റ് ലെവൽ റിക്രൂട്ട്മെന്റ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. 7600 ഒഴിവുകളിലേക്കാണ് ഇത്തവണ നിയമനം. പരീക്ഷക്ക് കനത്ത സുരക്ഷയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭ ബിൽ പാസാക്കിയിരുന്നു. പത്ത് വർഷം വരെ തടവും ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ചോദ്യ​പേപ്പർ ചോർച്ചയടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *