കാര്യവട്ടത്തെ കുടിവെള്ള കൊള്ള; 'ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും', വിശദീകരണവുമായി കെ.സി.എ



തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ).

ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ ഇത്തരം പരാതികൾ ഉയരുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

കെ.സി.എയുടെ വിശദീകരണം:- “അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്പോൺസറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാർ പ്രകാരം 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റാളുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദേശം നൽകിയിരുന്നു.

പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെ.സി.എ പ്രത്യേകം നിഷ്കർഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.

ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷൻ വ്യക്തമാക്കുന്നു.”