ഗുന്ദോഗനെയും ചവിട്ടിപ്പുറത്താക്കി; ബാഴ്‌സയെ കാത്തിരിക്കുന്നത്
‘ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഇരുണ്ട കാലം അവസാനിക്കാൻ പോവുകയാണ്. ഏറെ കാലമായി സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു നമ്മള്‍. എന്നാലവയൊക്കെ അതിവിദൂര ഭാവിയില്‍ തന്ന പരിഹരിക്കപ്പെടും. നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക’. കഴിഞ്ഞ ഫെബ്രുവരിയിൽ എഫ്.സി ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപ്പോർട്ട പറഞ്ഞതിങ്ങനെയാണ്. രണ്ട് മാസം മുമ്പ് ബാഴ്‌സയിലെ പ്രതിസന്ധികളെ കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകരോട് ഞങ്ങൾ ഒരു പരിവർത്തന കാലത്താണ് എന്നും പ്രതാഭ കാലങ്ങളെ തിരിച്ച് പിടിക്കുന്നതിന്റെ വക്കിലാണെന്നും അദ്ദേഹം ആവർത്തിച്ചു. ജോസഫ് മരിയോ ബർതോമ്യു ക്ലബ്ബിനെ തള്ളിയിട്ട പ്രതിസന്ധിക്കയത്തെ കുറിച്ച് സൂജിപ്പിച്ച ലപ്പോർട്ട ഇക്കുറി ടീമിന്റെ ബാലൻസ് ഷീറ്റ് പോസിറ്റീവായിരിക്കും എന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് സാമ്പത്തികമായി ബാഴ്‌സ ഏറെ വളർന്നു എന്ന് ലപ്പോർട്ട വീണ്ടും ആവർത്തിച്ചു. സ്വബോധത്തോടെയാണോ ലപ്പോർട്ട ഇതൊക്കെ പറഞ്ഞ് കൂട്ടുന്നത് എന്ന് ചോദിക്കുകയാണിപ്പോൾ ആരാധകർupon
അതിന് കാരണമുണ്ട്. നാളുകള്‍ക്ക് മുമ്പാണ് ജർമൻ മിഡ്ഫീൽഡർ ഇൽകേ ഗുന്ദോഗനെ ബാഴ്‌സ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിട്ട് നൽകിയത്. കഴിഞ്ഞ സീസണിൽ ബാഴ്‌സക്കായി മിന്നും പ്രകടനങ്ങൾ പുറത്തെടുത്ത ഗുന്ദോഗനെ ഫ്രീ ഏജന്റായി വിട്ട് നൽകാൻ ക്ലബ്ബ് കാരണമായി പറയുന്നത് താരത്തിന്റെ ഭീമമായ ശമ്പളമാണ്. രണ്ട് വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ഗുന്ദോഗന് ക്ലബ്ബ് വിടേണ്ടി വരുന്നത് എന്നോർക്കണം. ഗുന്ദോഗനെ ബാഴ്‌സ വിൽക്കാൻ വച്ചപ്പോൾ തന്നെ താരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു വലിയ ക്ലബ്ബ് തയ്യാറായത് കറ്റാലന്‍ ജഴ്‌സിയിൽ അയാല്‍ പുറത്തെടുത്ത അവിശ്വസനീയ പ്രകടനങ്ങളാണ്. കഴിഞ്ഞ സീസണിൽ ബാഴ്‌സയുടെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആരായിരുന്നു എന്ന ചോദ്യത്തിന് ആരാധകർക്ക് ഒരൊറ്റ ഉത്തരമേയുണ്ടാവൂ. ഇല്‍കേ ഗുന്ദോഗന്‍. ബ്രൂണോ ഫെർണാണ്ടസ് കഴിഞ്ഞാൽ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ച താരം ഗുന്ദോഗനാണ്. ബാഴ്‌സക്കായി 51 കളികളിൽ നിന്ന് 5 തവണ വലകുലുക്കിയ താരം 14 അസിസ്റ്റുകളാണ് തന്റെ പേരിൽ കുറിച്ചത്. ഗുന്ദോഗന്‍റെ പ്രകടനങ്ങളെ പ്രശംസിച്ച് ഒരിക്കൽ മുന്‍ ബാഴ്സ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പറഞ്ഞത് അയാളുടേത് കറ്റാലൻ ഡി.എൻ. എയാണെന്നാണ്
ബാഴ്‌സക്കായി ബൂട്ട് കെട്ടുന്നത് തന്റെ സ്വപ്‌നമായിരുന്നു എന്ന് പ്രഖ്യാപിച്ച് കറ്റാലൻ കോട്ടയിലേക്ക് കടന്നു വന്ന ഗുന്ദോഗനെ ടീം ഒരർത്ഥത്തിൽ ചവിട്ടിപ്പുറത്താക്കുകയായിരുന്നു എന്ന് വേണം പറയാൻ. ട്രാൻസ്ഫർ ജാലകം അടക്കാൻ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കേ ക്ലബ്ബിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിങ്ങായ ഡാനി ഒൽമോയെ ബാഴ്‌സക്ക് രജിസ്റ്റർ ചെയ്യാൻ ആയിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഭീമന്‍ പ്രതിഫലത്തുക വാങ്ങുന്ന ഗുന്ദോഗനെ ടീം വില്‍പ്പനക്ക് വച്ചത്. പരിഹരിച്ചു എന്ന് ലപ്പോര്‍ട്ട നാഴികക്ക് നാല്‍പ്പത് വട്ടം ആവർത്തിച്ച് പറയുന്ന സാമ്പത്തിക പ്രതിസന്ധികൾ ഒരു മാറ്റവുമില്ലാതെ ഇപ്പോഴും കറ്റാലൻ കൂടാരത്തിലുണ്ടെന്ന് തന്നെ വേണം ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍.
‘ബാഴ്‌സയുടെ എല്ലാ പ്രശ്‌നങ്ങളേയും ലയണൽ മെസ്സിയാണ് ഒരുകാലം വരെ മറച്ച് പിടിച്ചിരുന്നത്. അയാളുടെ പടിയിറക്കം പ്രശ്‌നങ്ങളെയെല്ലാം വലിച്ച് പുറത്തിട്ടു’. കറ്റാലന്മാര്‍ കടന്നു പോയിരുന്ന സാമ്പത്തിക പ്രതിസന്ധികളുടെ ആഴം എത്ര വലുതാണെന്ന് ആരാധകർ തിരിച്ചറിഞ്ഞത് മുന്‍ പ്രസിഡന്‍റ് ജോസഫ് മരിയ ബര്‍തോമ്യുവിന്‍റെ ഈ വാക്കുകളില്‍ നിന്നാണ്. ഇപ്പോഴിതാ മറ്റൊരു മികച്ച താരത്തെ കൂടി ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനാക്കി ബാഴ്സ മൂന്നാണ്ടു കാലമായിട്ടും പ്രതിസന്ധികള്‍ ഇനിയും തങ്ങളുടെ കൂടാരമൊഴിഞ്ഞു പോയിട്ടില്ലെന്ന് ആരാധകരോട് പറയാതെ പറയുന്നു.
കഴിഞ്ഞ സീസണിൽ ഫ്രീ ഏജന്റായി ക്യാമ്പ് നൗവിലെത്തുമ്പോൾ കറ്റാലൻ കൂടാരത്തിലെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് കൃത്യമായ ധാരണ ഗുന്ദോഗനുണ്ടായിരുന്നു. എന്നാൽ ബാഴ്‌സയിൽ പന്ത് തട്ടുന്നത് തന്റെ സ്വപ്‌നമാണെന്ന് നേരത്തേ പ്രഖ്യാപിച്ച ഗുന്ദോഗന് ടീമിലെ സാമ്പത്തിക പ്രതിസന്ധികൾ കൂടുമാറ്റത്തിന് ഒരു പ്രശ്നമേ ആയില്ല. നേരത്തേ ബാഴ്സ രണ്ട് തവണ ഗുന്ദോഗനെ സൈൻ ചെയ്യുന്നതിന്റെ വക്കോളമെത്തിയിരുന്നു. സിറ്റിയെ ട്രിബിൾ കിരീട നേട്ടത്തിലേക്ക് നയിച്ച മികവുമായാണ് ഗുന്ദോഗൻ ക്യാമ്പ് നൗവിലെത്തിയത്. തന്റെ ഐക്കണായ സാവിക്ക് കീഴിൽ പന്ത് തട്ടുക എന്നത് അയാൾക്കൊരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. ഗുന്ദോഗനെ കറ്റാലൻ കൂടാരത്തിലെത്തിക്കുന്നതിൽ നേരത്തേ തന്നെ സാവിക്കും താൽപര്യമുണ്ടായിരുന്നു. കഴിഞ്ഞ സമ്മറിൽ ലപ്പോർട്ടയോട് സാവി സൈൻ ചെയ്യാൻ ആവശ്യപ്പെട്ട ആദ്യ താരം ഗുന്ദോഗനാണ്.
ഗാർഡിയോളയുടെ തന്ത്രങ്ങളോട് വലിയ സാമ്യതകളുള്ള സാവിയുടെ ശൈലിക്കൊപ്പം ഇണങ്ങാൻ ഗുന്ദോഗന് അധികം സമയമൊന്നും വേണ്ടി വന്നില്ല. മറ്റു ക്ലബ്ബുകളിൽ ഇതിലും മികച്ച ഓഫറുകളുണ്ടായിട്ടും ബാഴ്‌സയിൽ ചേരാൻ ഗുന്ദോഗനെ പ്രേരിപ്പിച്ചത് ‘മോർ ദാൻ എ ക്ലബ്ബ് എന്ന അതിന്റെ ടാഗ് ലൈനാണ്. എന്നാൽ മെസ് ക്യു ഉൻ ക്ലബ്ബെന്ന ടാഗ് ലൈൻ ടീമിന്റെ പ്രതാഭകാലത്ത് മാത്രമുണ്ടായിരുന്ന ഒരു തലവാചകമാണെന്നും ഇപ്പോഴതില്ലെന്നും മനസ്സിലാക്കാൻ ഗുന്ദോഗൻ അധികം സമയമൊന്നും എടുത്തില്ല. മോശം പ്രകടനങ്ങളുടെ പേരില്‍ സഹതാരങ്ങളുമായി പലപ്പോഴും ഡ്രസിങ് റൂമിൽ അയാള്‍ക്ക് കൊമ്പു കോർക്കേണ്ടി വന്നു. എൽക്ലാസിക്കോയിൽ തന്റെ ഗോളിൽ മുന്നിലെത്തിയ ടീം റയലിനോട് രണ്ട് ഗോൾ വഴങ്ങി തകർന്നടിഞ്ഞപ്പോൾ ഡ്രസിങ് റൂമിൽ വച്ച് ഗുന്ദോഗൻ നടത്തിയ വൈകാരിക പ്രകടനങ്ങൾ പിന്നീട് പുറം ലോകമറിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ യുറുഗ്വെൻ താരം അരോഹുവിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയ ഗുന്ദോഗനെ സഹതാരങ്ങള്‍ ചോദ്യം ചെയ്തു.
എന്നാല്‍ കോച്ച് സാവി ഹെര്‍ണാണ്ടസ് പലപ്പോഴും ഗുന്ദോഗന്‍റെ പക്ഷത്തായിരുന്നു. റയലിനെതിരായ തോൽവിക്ക് ശേഷം ഗുന്ദോഗൻ നടത്തിയ വികാരപ്രകടനങ്ങളെ താൻ പോസിറ്റാവായാണ് ഉൾക്കൊള്ളുന്നത് എന്ന് സാവി പ്രതികരിച്ചു. ‘ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം വഴങ്ങിയ തോൽവി എല്ലാവരെയും പോലെ അയാളെയും വേദനിപ്പിച്ചു. അയാൾ അയാളുടെ വികാരം പുറത്ത് കാണിച്ചു. അത്ര തന്നെ”- ഇങ്ങനെയായിരുന്നു സാവിയുടെ പ്രതികരണം. എന്നാല്‍ ബാഴ്‌സയിൽ പരാജയങ്ങളുടെ കാരണങ്ങൾ തുറന്ന് പറയുന്നതിലും നല്ലത് വായടച്ചിരിക്കലാണ് തലതെറിക്കാതിരിക്കാന്‍ നല്ലതെന്ന് സാവിയടക്കമുള്ളവര്‍ തിരിച്ചറിഞ്ഞത് പിന്നീടാണ്.
ഒൽമോയുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഗുന്ദോഗനെ വിട്ട് നൽകേണ്ടത് കറ്റാലന്മാർക്ക് അനിവാര്യതയായി വന്നു. ഇതിനെ ന്യായീകരിക്കാന്‍ ഹാൻസി ഫ്‌ലിക്കിന്റെ ഹൈ പ്രസിങ് ഗെയിമിന് യോജിച്ച താരമല്ല ഗുന്ദോഗനെന്നാണ് പലരും വാദിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ജർമൻ താരത്തെ ടീം വിടാൻ നിർബന്ധിതനാക്കിയ ലപ്പോർട്ടയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുന്നവരാണ് ആരാധകരില്‍ ഭൂരിഭാഗവും. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നു എന്ന് നാഴികക്ക് നാൽപ്പത് വട്ടം ആവർത്തിക്കുന്ന ലപ്പോർട്ടയുടെ പ്രസ്താവനകളൊക്കെ ഗീർവാണങ്ങളാണെന്ന് ആരാധകർ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാന്‍.
’25 വർഷം മുമ്പ് നമുക്ക് ഒരു താരത്തെ ചൂണ്ടിക്കാണിച്ച് ക്ലബ്ബിനോട് അയാളെ എന്ത് വിലകൊടുത്തും വാങ്ങണമെന്നും പറയാമായിരിന്നു. എന്നാൽ ഇന്നത് നടക്കില്ല. സാഹചര്യങ്ങളോട് ഞാനിപ്പോൾ പൊരുത്തപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പക്ഷെ ലാമാസിയയെ വച്ച് അധിക കാലം മുന്നോട്ട് പോകാനാകില്ലെന്ന് മനസ്സിലാക്കിയാൽ നല്ലത്’- സാവി ഹെർണാണ്ടസ് ടീമിലെ പ്രതിസന്ധികളെ കുറിച്ച് കഴിഞ്ഞ സീസണില്‍ തുറന്നടിച്ചത് ഇങ്ങനെയാണ്. പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റ് പുറത്തായപ്പോൾ 15 ഓളം ലാമാസിയ താരങ്ങളെയാണ് സാവിക്ക് ടീമിൽ കളിപ്പിക്കേണ്ടി വന്നത്. ടീമിലെ പ്രശ്നങ്ങളെ കുറിച്ച് തുറന്നടിച്ച സാവിയെ പിന്നീട് ലപ്പോര്‍ട്ട് ചവിട്ടിപ്പുറത്താക്കി. ഏതായാലും ബാഴ്സയുടെ പ്രതാഭ കാലങ്ങളെ വീണ്ടെടുക്കാന്‍ ജൊവാന്‍ ലപ്പോര്‍ട്ടക്കാവുമെന്ന് ഇനിയുമേറെക്കാലം വിശ്വസിക്കാന്‍ ആരാധകര്‍ ഒരുക്കമല്ലെന്ന് തന്നെ പറയേണ്ടി വരും.