‘കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം, അല്ലെങ്കില്‍ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കണം’; കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി
മുക്കം: ഹജ്ജിനു പോകുന്നവര്‍ക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി.Priyanka Gandhi
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക കത്തയച്ചു. തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോകുന്നവര്‍ നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കാ ഗാന്ധിയുടെ കത്ത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധികമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുന്നത് എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ, മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.
അതേസമയം സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയ തീർത്ഥാടകർ.