ഹജ്ജ്; മൂന്നാംഗഡു 31നകം അടക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്നാം ഗഡു തുക മാര്‍ച്ച് 31നകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് തുക അടക്കേണ്ടത്.
കരിപ്പൂർ വിമാനത്താവളം കേന്ദ്രമായുള്ളവര്‍ ഒരാള്‍ക്ക് 91,100 രൂപയും കൊച്ചി കേന്ദ്രമായുള്ളവര്‍ 69,450 രൂപ വീതവും കണ്ണൂര്‍ കേന്ദ്രമായവര് ഒരാള്‍ക്ക് 74,600 രൂപ വീതവുമാണ് അടക്കേണ്ടത്. നേരത്തെ രണ്ട് ഗഡുവായടച്ച 2,77,300 രൂപക്ക് പുറമെയാണ് ഇതെന്നും തുകയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. അപേക്ഷ ഫോമില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ അതിനായി 17,280 രൂപ കൂടി അധികം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖകളിലോ, ഓണ്‍ലൈനായോ പണമടക്കാം.
