ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി ഹമാസ്

ഗസ്സസിറ്റി: രണ്ട് വർഷത്തിന് ശേഷം ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. റെഡ് ക്രോസ് മുഖാന്തരം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി. ഇസ്രായേൽ തടവറകളിൽ കഴിഞ്ഞിരുന്ന ഫലസ്തീനി ബന്ദികളെയും വിട്ടയച്ചു തുടങ്ങിയിട്ടുണ്ട്.

ഗസ്സ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികള്‍ക്കായി തെല്‍അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. 2023ലെ ആക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രായേലിലെത്തിയ ഡോണാൾഡ് ട്രംപ്, പാർലമെന്റായ നെസറ്റിൽ സംസാരിക്കുകയാണ്. ട്രംപിന്റെ അധ്യക്ഷതയിൽ ഈജിപ്തിലെ ശറമുൽ ശൈഖിൽ ഇന്ന് സമാധാന ഉച്ചകോടിയും ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *