ഗസയിൽ വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്
ഗസ്സസിറ്റി: ഗസ്സ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ച് ഹമാസ്. ഖത്തറും ഈജിപ്തുമാണ് നിർദേശങ്ങൾ ഹമാസിനു മുമ്പില്‍ വെച്ചത്.
ഗസ്സയില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുന്നതും ഉൾപ്പെടുന്ന 60 ദിവസത്തെ വെടിനിർത്തലിനാണ് സമ്മതമറിയിച്ചത്.
മധ്യസ്ഥർ അവതരിപ്പിച്ച പുതിയ നിർദേശങ്ങള്‍ അംഗീകാരിച്ചതായി ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബാസെം നയിം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലി സൈനിക നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കുന്നതോടൊപ്പം വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിനുള്ള വഴിയാെരുക്കുന്നതും പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ഗസ്സ സിറ്റി പിടിക്കുമെന്ന ഭയത്തിലാണ് ഹമാസ് വെടിനിർത്തലിന് തയ്യാറാകുന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. ഇതിനിടെ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലിൽ ലക്ഷങ്ങളുടെ പ്രതിഷേധം അരങ്ങേറുകയാണ്.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ വ്യാപക പ്രക്ഷോഭമാണ് അരങ്ങേറുന്നത്. തലസ്ഥാനമായ തെൽ അവിവിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. യുദ്ധവിരുദ്ധ പ്രവർത്തകർ ജെറൂസലം-തെൽ അവിവ് ഹൈവേ ഉപരോധിച്ചു. പ്രക്ഷോഭകർക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന ബലപ്രയോഗം നടത്തി.