ആറ് ബന്ദികളെ കൂടി മോചിപ്പിക്കാനൊരുങ്ങി ഹമാസ്; തെക്കൻ ലബനനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ
ഗസ്സ: ശനിയാഴ്ച ഹമാസ് ആറ് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ചേക്കും. വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹവും ഹമാസ് വിട്ടുനൽകും. തെക്കൻ ലബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻമാറുന്നതിനുള്ള സമയം അവസാനിച്ചെങ്കിലും അതിർത്തിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് പിൻമാറില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.Hamas
ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തലിനെക്കുറിച്ച് സജീവ ചർച്ച നടക്കുമ്പോഴാണ് പുതിയ ബന്ദി കൈമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത്. ഗസ്സയിലേക്ക് മൊബൈൽ വീടുകളും വലിയ ഉപകരണങ്ങളും കടത്തിവിടാൻ ഇസ്രായേൽ തയ്യാറാവുകയാണെങ്കിൽ ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെ കൂടി വിട്ടയക്കും. വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹം വിട്ടുനൽകുമെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
വെടിനിർത്തിയിട്ടും ഗസ്സയിലെ കുട്ടികൾ കടുത്ത ദുരിതമനുഭവിക്കുന്നത് തുടരുകയാണെന്ന് യുനിസെഫ് അറിയിച്ചു, ഭക്ഷണവും വെള്ളവും പാർപ്പിടവും ആരോഗ്യ സംരക്ഷണവും വസ്ത്രങ്ങൾ പോലും കുട്ടികൾക്ക് കിട്ടുന്നില്ലെന്ന് ഗസ്സ സന്ദർശിച്ച യൂണിസെഫ് സംഘം അറിയിച്ചു.
ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങലിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഇന്ന് രാവിലെ ഇസ്രായേൽ സേന തെക്കൻ ലെബനൻ ഗ്രാമങ്ങളിൽ നിന്ന് പിൻവാങ്ങി, പക്ഷേ അഞ്ച് പ്രധാന സ്ഥാനങ്ങളിൽ തുടരുന്നു. ഇസ്രായേൽ സുരക്ഷയ്ക്ക് ഇത് പ്രധാനമാണെന്ന് ഐഡിഎഫ് വിശദീകരിക്കുന്നു.