‘സന്തോഷം പറഞ്ഞറിയിക്കാനാവില്ല’; വെടിനിർത്തൽ ആഘോഷമാക്കി ഗസ്സയിലെ ജനങ്ങൾ
ഗസ്സ: 15 മാസം നീണ്ട മനുഷ്യക്കുരുതിക്ക് വിരാമമിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മധുരം വിതരണം ചെയ്തും ആഹ്ലാദപ്രകടനം നടത്തിയും ആഘോഷമാക്കി ഗസ്സയിലെ ജനങ്ങൾ. പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് വെടിനിർത്തൽ നിലവിൽവന്നത്.Gaza
”എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഞാൻ എന്റെ സാധനങ്ങളെല്ലമെടുത്ത് ഗസ്സയിലേക്ക് തിരിച്ചുപോവാൻ തയ്യാറായിരിക്കുകയാണ്. ഞങ്ങളുടെ മണ്ണിലേക്ക് തിരിച്ചുപോയി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാമെന്ന സന്തോഷത്തിലാണ് എന്റെ കുട്ടികൾ. ഞങ്ങൾ എപ്പോഴും ഭയത്തിലും അസ്വസ്ഥതയിലുമായിരുന്നു. വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം തിരിച്ചെത്തിയിരിക്കുന്നു”-ഗസ്സക്കാരിയായ ഓം സലാഹ് പറഞ്ഞു
”എല്ലാവരും സന്തോഷത്തിലാണ്, പ്രത്യേകിച്ച് കുട്ടികൾ. ഇസ്രായേൽ വരും ദിവസങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസം പൂർത്തിയാക്കണം. വംശഹത്യയിൽ ഒരു സ്വപ്‌നങ്ങളാണ് ഇല്ലാതായിപ്പോയത്” – ഗസ്സക്കാരനായ ഒരു വിദ്യാർഥി പറഞ്ഞു.
ഗസ്സയിലെ ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തകരും വലിയ ആഘോഷത്തിലാണ്. സിവിൽ ഡിഫൻസ് അംഗങ്ങളും ആഘോഷവുമായി തെരുവിലുണ്ട്. വെടിനിർത്തൽ നിലവിൽവന്ന ശേഷം ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് പറഞ്ഞു. ബോംബുകളോ ഫൈറ്റർ ജെറ്റുകളോ ഡ്രോണുകളോ ഇല്ല. ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കങ്ങളുടെ ശബ്ദം മാത്രമാണ് ഗസ്സയിൽ കേൾക്കുന്നതെന്നും ഹാനി മഹ്മൂദ് പറഞ്ഞു.
വെടിനിർത്തൽ നിലവിൽവരുന്നതിന്റെ തൊട്ടുമുമ്പ് പോലും കടുത്ത ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തിയത്. ഇന്ന് മാത്രം 19 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. 15 മാസമായി തുടരുന്ന ആക്രമണത്തിൽ 47,000പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിനെക്കാൾ എത്രയോ അധികമാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
അതേസമയം തിരിച്ചുപോകാൻ വീടില്ലാത്തവരാണ് ഗസ്സയിലെ മഹാഭൂരിപക്ഷം. അവരുടെ വീടും സമ്പാദ്യവുമെല്ലാം ഇസ്രായേൽ ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. ഇടവേളയില്ലാത്ത ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പലായനം ചെയ്തവരാണവർ. ഒന്നുമില്ലെങ്കിൽ ജനിച്ച മണ്ണിലേക്ക് തിരിച്ചുപോയി ഒരു ടെന്റ് എങ്കിലും കിട്ടി അവിടെ ജീവിക്കുമെന്നാണ് ഖാൻ യൂനിസിലെ അൻവർ പറയുന്നത്.