വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയതിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് പി. സരിൻ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷപ്രചാരണത്തിന് നേരത്തെയും കേസെടുത്തിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുന്നയിച്ചിരുന്നു. തീവ്രവാദ സംഘടനകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു.